Image:@ndtv
ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം നടിച്ച് കെണിയില്‍പ്പെടുത്തി കോടികള്‍ തട്ടിയ യുവതി പിടിയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ്സംഭവം. പുരുഷന്‍മാരുടെ രഹസ്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കോടികള്‍ തട്ടുന്നതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തട്ടിപ്പ് പുറത്തുവന്നത്.
Also Read:യുപിഐ സേവനത്തിന് പണം; തീരുമാനത്തില്‍ അവ്യക്തത തുടരുന്നു
ടിന്‍ഡര്‍ ഉള്‍പ്പെടെയുള്ള ഡേറ്റിങ് ആപ്പിലൂടെയും സോഷ്യല്‍മീഡിയകള്‍ വഴിയുമാണ് പല്ലവി സിങ് രജ്പുത് എന്ന യുവതി പുരുഷന്‍മാരുമായി അടുക്കുന്നത്. ആദ്യം സൗഹൃദത്തിലൂടെ സംസാരിച്ച ശേഷം പിന്നാലെ കൂടുതല്‍ ഇന്റിമേറ്റ് ആയി സംസാരിക്കും. പിന്നാലെ നേരില്‍ കാണാന്‍ ആവശ്യപ്പെടും. ഈ സമയത്ത് അവരുടെ രഹസ്യ ദൃശ്യങ്ങളും ഫോട്ടോകളും ക്യാമറയിൽ പകർത്തും. ‘സ്വെറ്റി തിവാരി’ എന്ന വ്യാജ പേരിലും ഇവർ ആളുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പിന്നാലെ ഈ ചിത്രങ്ങള്‍ കാണിച്ച് പുരുഷന്‍മാരെ ഭീഷണിപ്പെടുത്തുകയും ലക്ഷങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യും. പണം നൽകാൻ വിസമ്മതിച്ചാൽ ബലാത്സംഗം,വധശ്രമം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തും. പല്ലവിയുടെ പരാതിയില്‍ ഇതുവരെ അഞ്ച് പേർ കേസിലകപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ ഏകദേശം 6 കോടിയോളം രൂപയാണ് പല്ലവി പല പുരുഷന്‍മാരില്‍ നിന്നും തട്ടിയെടുത്തത്.
Also Read:തൂഫാനെ പോലെ ആയങ്കിയെ തൂക്കണം, തൂക്കിക്കൊല്ലരുത്: എം.വി.ജയരാജന്‍
നിലവില്‍ ഇവരുടേതെന്നു കരുതുന്ന ചില ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പണത്തിന്റെ കെട്ടുകളും ഒരു യുവതി ആയുധം പിടിച്ചുനിൽക്കുന്ന ചിത്രങ്ങളുമാണ് കാണാനാവുക. ഈ ചിത്രങ്ങളുടെ ആധികാരികത ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പല്ലവിക്ക് പുറമേ മറ്റ് രണ്ടു സ്ത്രീകളും രണ്ട് പുരുഷന്‍മാരും സംഘത്തിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.