വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ചെന്ന കേസില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റും ബി.ജെ.പി മുന്‍ എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങ് കുറ്റവിമുക്തന്‍. തെളിവുകള്‍ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് നിരീക്ഷിച്ച് ഡല്‍ഹി റൗസ് അവന്യൂ കോടതിയുടെതാണ് ഉത്തരവ്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും പോരാട്ടം തുടരുമെന്നും ഗുസ്തി താരം വിനേഷ് ഫോഗട്ട് പ്രതികരിച്ചു.
ഗുസ്തി താരങ്ങളുടെ ഏറെനാള്‍നീണ്ട കടുത്ത പ്രതിഷേധങ്ങള്‍ക്കും സുപ്രീം കോടതി ഇടപെടലിനും ശേഷമെടുത്ത ലൈംഗികാതിക്രമക്കേസില്‍ ഒടുവില്‍ ബ്രിജ് ഭൂഷണ്‍ സിങ് കുറ്റവിമുക്തന്‍. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റായിരിക്കെ ബ്രിജ് ഭൂഷണ്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ആറ് വനിതാ ഗുസ്തി താരങ്ങളുടെ പരാതി. ഒരു താരം പിന്നീട് പരാതിയില്‍നിന്ന് പിന്‍മാറി. അഞ്ചുപേരുടെ കേസില്‍ 2024–ല്‍ വിചാരണക്കോടതി സിങിനെതിരെ കുറ്റം ചുമത്തിയിരുന്നു.
എന്നാല്‍ പ്രൊസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ല എന്ന് നിരീക്ഷിച്ചാണ് ഡല്‍ഹി റൗസ് അവന്യൂ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബ്രിജ് ഭൂഷണെ വെറുവിട്ടത്. കേസിലെ കൂട്ടുപ്രതി ഫെഡറേഷന്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കുറ്റവിമുക്തമാക്കി. സത്യം തെളിഞ്ഞെന്ന് ബ്രിജ് ഭൂഷണ്‍ സിങ്.
ഉത്തരവില്‍ ദുഃഖമുണ്ടെന്നും ഉടന്‍ അപ്പീല്‍ നല്‍കുമെന്നും ഗുസ്തി താരം വിനേഷ് ഫോഗട്ട്. തുടക്കം മുതല്‍ സര്‍ക്കാരും സംവിധാനങ്ങളും ബ്രിജ് ഭൂഷണെ സംരക്ഷിക്കുകയാണെന്നും ഫോഗട്ട് ആരോപിച്ചു. ഡല്‍ഹി പൊലീസാണ് ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമക്കേസ് അന്വേഷിച്ചത്. അടച്ചിട്ട കോടതിമുറിയിലാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.