വേമ്പനാട്ടുകായലും മീനച്ചിലാറും ചെളിയും മാലിന്യവും നിറഞ്ഞ് ആഴം കുറഞ്ഞതാണ് കോട്ടയത്തെ പ്രളയത്തിന് കാരണം. എട്ടുമീറ്ററില്‍നിന്ന് വേമ്പനാട്ടുകായലിന്‍റെ ആഴം ഇപ്പോള്‍ പലയിടത്തും ഒന്നരമീറ്ററായി ചുരുങ്ങി. ഒഴുകാനിടമില്ലാതെ വെളളം കരയിലേക്ക് തളളുകയാണ്. ചെങ്ങളം പളളിച്ചിറയില്‍ തങ്കമ്മയും മകന്‍ തോമാച്ചനും പങ്കുവച്ചത് നാടിന്‍റെയൊന്നാകെ വേദനയാണ്. ഇന്നേവരെ വെളളം കയാറാത്ത പല വീടുകളും വെളളത്തിലായി . ഇതിങ്ങനെപോയാല്‍ എന്തു ചെയ്യും.
വെളളപ്പൊക്കത്തില്‍ മുങ്ങാതെ കോട്ടയത്തെ രക്ഷിക്കാന്‍ വേമ്പനാട്ടുകായലിന് മാത്രമേ കഴിയു. പക്ഷേ കായലിന്‍റെ അവസ്ഥ കഷ്ടമാണ്.ദശാബ്ദങ്ങള്‍ക്ക് മുന്‍പ് എട്ടുമീറ്ററായിരുന്നു കായലിന്‍റെ ആഴം. ഇപ്പോള്‍ പലയിടത്തും 1.8 മീറ്റര്‍ മാത്രമാണെന്നാണ് കേരള ഫിഷറീസ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. കായലിന്‍റെ അടിത്തട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ 3005 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നു.
2617.5 മില്യന്‍ ക്യൂബിക് മീറ്ററായിരുന്ന വേമ്പനാട്ടുകായലിന്‍റെ സംഭരണശേഷി ഇപ്പോള്‍ 387.87 മില്യന്‍ ക്യൂബിക് മീറ്ററായി ചുരുങ്ങി. മീനച്ചിലാറും ശോഷിച്ചു. വലിയ മണ്‍തിട്ടകള്‍ രൂപപ്പെട്ട്, എക്കലും ചെളിയും നിറഞ്ഞ് ആഴം കുറഞ്ഞു. വെളളം ഒഴുകിപ്പോകാനുളള കൈവഴികളും ഇല്ലാതായി. ഇനിയും മറ്റൊരു പ്രളയത്തിന് വഴിയൊരുക്കാതെ എന്തു ചെയ്യാന്‍ പറ്റുമെന്ന് ഭരണസംവിധാനം ചിന്തിക്കണം.