സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലർട്ട് ഉണ്ട്. 60 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് , കർണാടക തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. നാളെ മഴയുടെ ശക്തി കുറയും.
മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ പ്രളയബാധിത പ്രദേശങ്ങളായ ആറന്മുളയും റാന്നിയും സന്ദർശിക്കും. ദുരിതബാധിതരുടെ പ്രശ്നങ്ങളും പരാതികളും മുഖ്യമന്ത്രി കേൾക്കും. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം കൂടുതൽ ആശ്വാസ നടപടികളും സഹായവും പ്രഖ്യാപിക്കും . ശനി, ഞായർ ദിവസങ്ങളിൽ മുഖ്യമന്ത്രി മഴക്കെടുതി ബാധിത സ്ഥലങ്ങൾ സന്ദർശിച്ചില്ല എന്ന പരാതി നിലനിൽക്കുന്നതിനിടെയാണ് സന്ദർശനം.
സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ഇടുക്കി എറണാകുളം, പാലക്കാട്, കാസര്‍കോട്, തൃശൂര്‍, മലപ്പുറം, കോട്ടയം,കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രഫഷനല്‍ കോളജുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.
സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിടുണ്ട്. മൂന്ന് താലൂക്കുകളിലും പ്രഫഷനല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപുകളുള്ള സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും.