• യാത്രക്കിടെ ടാക്സി ഡ്രൈവറും യാത്രക്കാരിയും പ്രണയത്തിലായി. പിന്നാലെ ഭാര്യയെ കൊന്നുതള്ളി

കാമുകിയുമൊത്തുള്ള ജീവിതത്തിനു തടസമായ ഭാര്യയെ കൊന്ന് നദിയില്‍ തള്ളിയ സംഭവത്തില്‍ ടാക്സി ഡ്രൈവറും കാമുകിയും അറസ്റ്റില്‍. ലഖ്നൗവിലാണ് സംഭവം. ടാക്സി ഡ്രൈവര്‍ ഉമേന്ദ്ര പ്രതാപ് സിങ്ങും സുഹൃത്ത് ആരതി വര്‍മയുമാണ് പിടിയിലായത്. ഉമേന്ദ്ര പ്രതാപിന്റെ ഭാര്യ അഞ്ജലി സിങ്ങാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

കോള്‍ സെന്ററില്‍ ജീവനക്കാരിയായ ആരതി വര്‍മ ഏഴുമാസം മുന്‍പാണ് ഉമേന്ദ്രയുടെ കാറില്‍ കയറിയത്. ഈ പരിചയം പിന്നീട് പ്രണയമായി മാറി. പിന്നാലെ ഈ ബന്ധം ഉമേന്ദ്രയുടെ ഭാര്യ അഞ്ജലി അറിഞ്ഞതോടെ പ്രശ്നങ്ങളും തര്‍ക്കങ്ങളും ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഭാര്യയെ ഇല്ലാതാക്കാന്‍ ഉമേന്ദ്രയും ആരതിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറയുന്നു. 

അഞ്ജലിയെ ശ്വാസം മുട്ടിച്ചാണ് ഉമേന്ദ്ര കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആരതിയുമായി ചേര്‍ന്ന് മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍കൊണ്ടുപോയി ഗോമതി നദിയില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പൊലീസിനേയും ബന്ധുക്കളേയും തെറ്റിദ്ധരിപ്പിക്കാനായി ഭാര്യയെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയ ഉമേന്ദ്ര അഞ്ജലിയുടെ 10 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം ആരതിക്ക് കൈമാറുകയും ചെയ്തു. അഞ്ജലി സ്വര്‍ണവുമായി ഓടിപ്പോയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. 

ജൂലൈ 31ന് ഒരു സ്ത്രീയുടെ മൃതദേഹം ഗോമതി നദിയില്‍ നിന്നും ലഭിച്ചതോടെയാണ് കാര്യങ്ങളുടെ ഗതി മാറിയത്. അഞ്ജലിയുെട കുടുംബമെത്തി മൃതദേഹം തിരിച്ചറിഞ്ഞതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അഞ്ജലിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടര്‍ന്നാണ് ഉമേന്ദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കുറ്റം സമ്മതിച്ച ഉമേന്ദ്ര 2020ല്‍ മറ്റൊരു കേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 

Lucknow Taxi Driver and Lover Arrested for Strangling Wife, Dumping Body in Gomti River:

A taxi driver, Umendra Pratap Singh, and his lover, Aarti Verma, were arrested in Lucknow for the murder of Umendra's wife, Anjali Singh.The murder plot was hatched after Anjali discovered the extramarital affair between Umendra and Aarti, leading to frequent domestic disputes.