പാടത്ത് കളിക്കാനെത്തിയ 12കാരിയെ കളിക്കൂട്ടുകാരായ അഞ്ച് ആൺകുട്ടികൾ ചേർന്ന് ബലാല്‍സംഗം ചെയ്തതായി റിപ്പോര്‍ട്ട് . ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം.ഇതുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ആണ്‍കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ.
കസ്റ്റഡിയിലെടുത്തവരെ തുടർ നിയമനടപടികളുടെ ഭാഗമായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് ഷാജഹാൻപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രതികളും പെൺകുട്ടിയും ഒരേ ഗ്രാമവാസികളാണ്. പരസ്പരം പരിചയമുള്ള ആൺകുട്ടികൾക്കൊപ്പം കളിക്കാനാണ് 12കാരി എത്തിയത്.
ഗ്രാമത്തിലെ ഗോതമ്പ് പാടത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സംഘത്തിനൊപ്പം പെൺകുട്ടിയും ചേർന്നു. തുടർന്ന് ആൺകുട്ടികൾ കുട്ടിയെ സമീപത്തെ കരിമ്പുതോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. ഇതിനിടെ, ഈ ഭാഗത്തേക്ക് ഒരു കർഷകൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
മാനസികമായി തകർന്ന പെൺകുട്ടി വീട്ടിലെത്തി നടന്ന സംഭവം കുടുംബാംഗങ്ങളോട് തുറന്നു പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. മകൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പിറ്റേന്ന് തന്നെ പെൺകുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് 15നും 17നും ഇടയിൽ പ്രായമുള്ള അഞ്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.