ഭക്ഷണത്തില്‍ ഉറക്കമരുന്ന് കലര്‍ത്തി വീട്ടുകാരെ മയക്കി കോടികള്‍ കവര്‍ന്ന് വീട്ടുജോലിക്കാര്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലാണ് സംഭവം. എട്ട് ബാഗുകളിലായി നിറച്ചുവച്ച 1.29 കോടി രൂപയാണ് തട്ടിയെടുത്തത്. വീട്ടില്‍ എവിടെയാണ് താക്കോല്‍ സൂക്ഷിച്ചതെന്നടക്കംജോലിക്കാര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം 16–ഓളം പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം. കോട്‍വാലി നഗരത്തിലെ പലചരക്ക് വ്യാപാരി പങ്കജ് അഗര്‍വാളിന്‍റെ വീട്ടിലായിരുന്നു മോഷണം നടന്നത്. രാവിലെ ഉണര്‍ന്ന വീട്ടുകാര്‍ അലമാര തുറന്നുകിടക്കുന്നത് ശ്രദ്ധിച്ചു. പിന്നീട് നടത്തിയ തിരിച്ചിലിലാണ് സൂക്ഷിച്ചുവച്ച എട്ട് പണസഞ്ചികള്‍ കാണാതായെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

പൊലീസ് അന്വേഷണത്തില്‍ വീടിന്‍റെ മേല്‍ക്കൂര പൊളിച്ചാണ് പ്രതികള്‍ അകത്ത് കയറിയതെന്ന് വ്യക്തമായി. എന്നാല്‍ പണസഞ്ചികള്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോല്‍ എങ്ങനെ കിട്ടിയെന്നതില്‍ പൊലീസിന് സംശയമുദിച്ചു. തലയണയ്ക്കടിയിലെ പ്രത്യേക അറയിലായിരുന്നു താക്കോല്‍ സുക്ഷിച്ചുവച്ചിരുന്നത്. 

ഇത് വീട് പരിചയമുള്ള ആളുകള്‍ക്ക് മാത്രമേ അറിയാന്‍ സാധ്യതയുള്ളെന്ന് പൊലീസിന് വ്യക്തമായി. ഇതോടെ സംശയം വീട്ടിലെ മൂന്ന് ജോലിക്കാരിലേക്ക് തിരിഞ്ഞു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണത്തിലെ പ്രധാന കണ്ണികള്‍ ഇവരാണെന്ന് വ്യക്തമായത്. 

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ വീട്ടുകാരുടെ ഭക്ഷണത്തില്‍ ഉറക്കമരുന്ന് കലര്‍ത്തുകയായിരുന്നു. മരുന്ന് അകത്ത് ചെന്ന് വീട്ടുകാര്‍ ഉറങ്ങിയെന്ന് വ്യക്തമായതിന് ശേഷം പുറത്തുള്ള കൂട്ടാളികളെ ഇവര്‍ വിവരമറിയിച്ചു. വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു. ഇതിന്‍റെ താക്കോല്‍ ഇവര്‍ക്ക് കിട്ടിയില്ല. തുടര്‍ന്ന് വീടിന്‍റെ മേല്‍ക്കൂര പൊളിച്ച് അകത്ത് കടക്കാന്‍ ഇവര്‍ കൂട്ടാളികളോട് നിര്‍ദേശിക്കുകയായിരുന്നു. അകത്ത് കയറിയതോടെ ഉടമസ്ഥന്‍റെ തലയണയ്ക്കടിയിലെ അറയില്‍ നിന്നും താക്കോല്‍ കൈക്കലാക്കുകയും അലമാര തുറന്ന് പണസഞ്ചികള്‍ മേല്‍ക്കൂര വഴി വാഹനത്തിലേക്ക് മാറ്റി മുങ്ങുകയുമായിരുന്നു. സംശയം തോന്നാതിരിക്കാന്‍ മൂന്ന് ജോലിക്കാരും വീട്ടില്‍ തന്നെ തുടര്‍ന്നു. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ നഷ്ടമായ പണം ലഭിച്ചിട്ടില്ല. ഇതിനിടെ വീട്ടില്‍ ഇത്രയും പണം സൂക്ഷിച്ചുവച്ചിരുന്നെന്ന് കണ്ടെത്തിയതോടെ ആദായനികുതി വകുപ്പും കേസില്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ENGLISH SUMMARY:

Housekeeping staff drugged householders and stole millions in Uttar Pradesh. The criminals managed to steal 1.29 crore rupees packed in eight bags.