ചെന്നൈ കീഴ്പാക്കം മാനസികാരോഗ്യകേന്ദ്രത്തില്‍ രോഗി, വിചാരണ തടവുകാരനെ തല്ലിക്കൊന്നു. ജൂലൈ 20നാണ് സംഭവം. 2024ല്‍ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് മാനസികാരോഗ്യ കേന്ദ്രത്തില്‍ വിചാരണ തടവില്‍ ചികില്‍സയിലായിരുന്ന സഹീര്‍ (27) ആണ് കൊല്ലപ്പെട്ടത്. സഹീര്‍ സംസാരശേഷിയില്ലാത്ത ആളാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തിങ്കളാഴ്ച രാവിലെ 10.40നാണ് കൊലപാതകം നടന്നത്. കേന്ദ്രത്തില്‍ വിചാരണതടവ് നേരിടുന്ന തെങ്കാശി സ്വദേശി അരവിന്ദ് സ്വാമി (19) ആണ് സഹീറിനെ കുളിമുറിയില്‍ വച്ച് ആക്രമിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് അരവിന്ദ് സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊലപാതകക്കുറ്റം ചുമത്തിയ വിചാരണ തടവുകാരനായിരുന്നു ഇയാളും. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം കുളിമുറിയില്‍ വച്ച് സഹീറും അരവിന്ദ് സ്വാമിയും തമ്മില്‍ വഴക്കുണ്ടാവുകയും അരവിന്ദ് സ്വാമി സഹീറിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. 

മറ്റ് അന്തേവാസികളും ജീവനക്കാരും ചേര്‍ന്നാണ് അരവിന്ദ് സ്വാമിയെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് സഹീറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അരവിന്ദ് സ്വാമിക്കെതിരെ വീണ്ടും കൊലക്കുറ്റം ചുമത്തി അന്വേഷണമാരംഭിച്ചിരിക്കുകയാണ് പൊലീസ്. 

ENGLISH SUMMARY:

A patient was beaten to death in the Chennai Kilpauk mental health center by another inmate. The deceased, identified as Zahir, was undergoing treatment as an undertrial for a murder case.