Image Credit : Facebook

നഷ്ടപ്പെട്ട സൈക്കിള്‍ പ്രകാശന്‍ ചേട്ടന് നേടിക്കൊടുക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. കഴിഞ്ഞ 70 വർഷമായി ജീവിതയാത്രയില്‍ ഒപ്പം കൂട്ടിയ പ്രിയപ്പെട്ട സൈക്കിള്‍ മോഷണം പോയ സങ്കടത്തില്‍ നില്‍ക്കുന്ന പ്രകാശന് സഹായഹസ്തവുമായാണ് ബോബി ചെമ്മണ്ണൂരിന്‍റെ വരവ്. നഷ്ടപ്പെട്ട സൈക്കിള്‍ പ്രകാശന്‍ ചേട്ടന് തിരികെ കൊടുക്കുന്ന കളളന് 5 ലക്ഷം രൂപയാണ് ബോബി ചെമ്മണ്ണൂര്‍ പാരിതോഷികമായി നല്‍കുക. മലയാള മനോരമയിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രകാശന്‍ ചേട്ടനുവേണ്ടിയുളള ബോബി ചെമ്മണ്ണൂരിന്‍റെ അടിയന്തര ഇടപെടല്‍. കളളന് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുളള ബോബി ചെമ്മണ്ണൂരിന്‍റെ വിഡിയോ 20 ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടത്. 

പ്രകാശന്‍ ചേട്ടന്‍റെ വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോള്‍ സങ്കടം തോന്നിയെന്നും അതിനാലാണ് പരിതോഷികം പ്രഖ്യാപിച്ചതെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. വിഡിയോയില്‍ നല്‍കിയിരിക്കുന്ന നമ്പറില്‍ കളളന് ബന്ധപ്പെടാമെന്നും നേരിട്ടെത്തി സൈക്കിള്‍ ഏല്‍പ്പിച്ചാല്‍ പറഞ്ഞ പോലെ 5 ലക്ഷം രൂപ നല്‍കാമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നുണ്ട്. മാനസാന്തരപ്പെട്ട് മോഷണം നിര്‍ത്തി, സാധാരണ ജീവിതം നയിക്കാന്‍ തയാറാണെങ്കില്‍ നല്ലൊരു ജോലിയും കളളന് നല്‍കാമെന്നും ബോബി ചെമ്മണ്ണൂര്‍ വിഡിയോയിലൂടെ വ്യക്തകമാക്കുന്നുണ്ട്. നിരവധി ഫോണ്‍കോളുകള്‍ ഇതിനോടകം ലഭിച്ചെങ്കിലും കളളന്‍ മാത്രം വിളിച്ചില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇടപ്പള്ളി ടോളിലെ കടയുടെ മുന്നിൽ നിന്നാണ് ബുധനാഴ്ച രാത്രി സൈക്കിൾ പ്രകാശന്‍റെ മോഷണം പോയത്. 70 വർഷത്തിലേറെ പഴക്കമുള്ള റാലി സൈക്കിള്‍ അച്ഛനാണ് പ്രകാശന് സമ്മാനിച്ചത്. പ്രീമിയർ ടയേഴ്സിലെ ജീവനക്കാരനായിരുന്നു പ്രകാശന്റെ പിതാവ്. അദ്ദേഹം യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന സൈക്കിളാണ് പ്രകാശന് കൈമാറിയത്. തന്‍റെ കാലം കഴിയുംമുന്‍പ് ഈ സൈക്കിള്‍ കൊച്ചുമകന് സമ്മാനിക്കണമെന്നായിരുന്നു പ്രകാശന്‍റെ ആഗ്രഹം. ‘സൈക്കിൾ നശിപ്പിക്കരുത്, ആർക്കും വിൽക്കരുത്’ എന്നാണ് അച്ഛന്‍ മരിക്കും മുന്‍പ് തന്നോട് ആവശ്യപ്പെട്ടതെന്ന് പ്രകാശന്‍ പറയുന്നു. 70 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് സൈക്കിൾ യാത്രയ്ക്കിടയിൽ പ്രകാശന് അപകടമുണ്ടായത്. പ്രകാശന്‍റെ ജീവിതത്തിലെ പ്രധാന ഭാഗമായിരുന്നു ഈ സൈക്കിള്‍. സൈക്കിളിനെയും കൂട്ടി പ്രകാശൻ മെട്രോ യാത്രയും നടത്തിയിട്ടുണ്ട്. പിതാവിന്റെ ചരമവാർഷികത്തിന്റെ തലേന്നാണ് പ്രകാശന് സൈക്കിൾ നഷ്ടമായത്. സൈക്കിൾ മോഷണം പോയതിൽ പ്രകാശന്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Bobby Chemmanoor has offered a significant reward for the return of a stolen bicycle belonging to Prakashan Chettan, which was his father's cherished possession for over 70 years. This generous initiative, prompted by a report in Malayala Manorama, aims to not only recover the sentimental item but also offer a new life to the thief.