ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരനായ ഇലോണ്‍ മസ്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി മുന്‍ പങ്കാളി ആഷ്‌ലി സെന്‍റ് ക്ലെയർ. ആഭ്യന്തരയുദ്ധ ഭീതി പരത്താനും സോഷ്യൽ മീഡിയയിലൂടെ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനും മസ്ക് ശ്രമിക്കുന്നുവെന്നാണ് ആഷ്‌ലി സെന്‍റ് ക്ലെയറിന്റെ വെളിപ്പെടുത്തൽ. ഇലോൺ മസ്കിന്റെ ജീവിതവും വിവാദങ്ങളും വെളിപ്പെടുത്തുന്ന പുതിയ ഡോക്യുമെന്ററിയായ 'മസ്കി'ലൂടെയാണ് ആഷ്ലിയുടെ വെളിപ്പെടുത്തല്‍. അലക്സ് ഗിബ്നി സംവിധാനം ചെയ്ത ഈ ഡോക്യുമെന്‍ററിയില്‍ മസ്ക് തനിക്ക് അയച്ച സന്ദേശത്തെ കുറിച്ചും ആഷ്‌ലി വ്യക്തമാക്കുന്നുണ്ട്.
ആഷ്ലിയുടെ വാക്കുകള്‍ ഇങ്ങനെ
'സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) ഇലോൺ മസ്ക് മനപ്പൂര്‍വം ഭിന്നത വിതയ്ക്കുകയാണ്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ അത് വലിയ ദുരന്തത്തിലേക്ക് നയിക്കും. ഒരു ആഭ്യന്തരയുദ്ധം ഉണ്ടാകുന്നതിന് മുൻപ് എനിക്ക് ഒരു വലിയ കുട്ടികളുടെ പട തന്നെ വേണം എന്ന് പറഞ്ഞാണ് തന്നിൽ ഒരു കുട്ടി വേണമെന്ന് മസ്ക് ഒരു മെസ്സേജിലൂടെ ആവശ്യപ്പെട്ടത്. കുട്ടിയുണ്ടായ ശേഷം വേര്‍പിരിയുന്ന സമയത്ത് വിവരങ്ങളൊന്നും പുറത്തുവിടില്ലെന്ന കരാറിൽ ഒപ്പുവെക്കുന്നതിന് പകരമായി 40 ദശലക്ഷം ഡോളറിന്റെ ഒറ്റത്തവണ തുകയും പ്രതിമാസം 1,00,000 ഡോളർ അലവൻസുമാണ് മസ്കിന്റെ ടീം തനിക്ക് വാഗ്ദാനം ചെയ്തത്. എന്നാൽ ഞാന്‍ ആ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചതോടെ അവർ ഈ ഓഫർ പിൻവലിക്കുകയായിരുന്നു. കാര്യം എന്തായാലും, എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം ചെയ്യുന്നത് അവഗണിക്കാൻ കഴിയില്ല. കാരണം, യാഥാർഥ്യ ലോകത്ത് ഇല്ലാത്ത സംഘർഷങ്ങൾക്ക് പോലും അദ്ദേഹം തീ പകരുകയാണ്. എക്സിലെ ഇത്തരം ഇടപെടലുകളിലൂടെ യഥാർഥ ലോകത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് അദ്ദേഹം ചെയ്യുന്നത്. അതിനെ തടയാൻ നമ്മൾ ശ്രമിച്ചില്ലെങ്കിൽ അത് വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാം' എന്നും ആഷ്‌ലി സെന്‍റ് ക്ലെയർ പറയുന്നു.
വിവിധ പങ്കാളികളില്‍ നിന്നായി 14 കുട്ടികളാണ് ഇലോണ്‍ മസ്കിനുളളത്. 2024ൽ മകൻ ജനിച്ചതിന് ശേഷമാണ് മസ്കും ആഷ്ലിയും വേര്‍പിരിഞ്ഞത്. ഗർഭിണിയായതിനു ശേഷം മസ്കിന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ അനുഭവപ്പെട്ടുതുടങ്ങിയെന്നും, പിന്നീട് കുട്ടി ജനിച്ച ശേഷമുള്ള മാസങ്ങളിൽ ഇരുവരും തമ്മിലുള്ള അകൽച്ച വർദ്ധിച്ച് വേർപിരിയലിലേക്ക് എത്തിയെന്നും ആഷ്‌ലി വെളിപ്പെടുത്തിയിട്ടുണ്ട്. അലക്സ് ഗിബ്നിയുടെ മസ്ക് എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശത്തിന് പിന്നാലെ സൈബറിടം ചര്‍ച്ച ചെയ്യുന്നത് ആഷ്ലിയുടെ ആരോപണങ്ങളെ കുറിച്ചാണ്. അലക്സ് ഗിബ്നി സംവിധാനം ചെയ്ത നാല് മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി ചൊവ്വാഴ്ച വെനീസ് ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഒക്ടോബർ 16നാണ് ഇത് തിയേറ്ററുകളില്‍ എത്തുക.
ഒരു സാങ്കേതികവിദ്യ സംരംഭകനിൽ നിന്ന് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ളതും അതേസമയം വിവാദനായകനുമായ ശതകോടീശ്വരനിലേക്കുള്ള മസ്കിന്റെ വളർച്ചയെക്കുറിച്ചുള്ള ഈ പ്രോജക്റ്റിനായി ഗിബ്നി മൂന്ന് വർഷത്തോളമാണ് ചെലവഴിച്ചത്. ടെസ്‌ല, സ്‌പേസ് എക്‌സ്, സ്റ്റാർലിങ്ക് എന്നിവയുൾപ്പെടെയുള്ള മസ്കിന്റെ വൻകിട വ്യവസായ സംരംഭങ്ങൾക്കൊപ്പം, നാല് പങ്കാളികളിലായി ഉള്ള 14 മക്കളടങ്ങുന്ന അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ഡോക്യുമെന്ററി പരിശോധിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള അദ്ദേഹത്തിന്റെ മുൻകാല രാഷ്ട്രീയ കൂട്ടുകെട്ടും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.