Image Credit : Twitter
സാഹസിക റീല്‍ എടുക്കാനുളള ശ്രമത്തിനിടെ യുവാവിന് ഗുരുതര പരുക്ക്. ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള പഹൂജ് അണക്കെട്ടിൽ നിന്നും താഴേക്ക് ചാടിയ പുഷ്പേന്ദ്ര കുമാർ മനൗരിയയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഏകദേശം 30 അടി ഉയരത്തിൽ നിന്നുമാണ് പുഷ്പേന്ദ്ര വെളളത്തിലേക്ക് ചാടിയത്. ചാട്ടത്തിനിടെ പുഷ്പേന്ദ്രയുടെ രണ്ട് കാലുകളും ഒടിഞ്ഞു. ജൂലൈ ആറിന് നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് സൈബറിടത്ത് വ്യാപമായി പ്രചരിച്ചത്.
റക്സ മേഖലയിലെ പർവായ് ഗ്രാമവാസിയായ പുഷ്പേന്ദ്ര സുഹൃത്തുക്കള്‍ക്കൊപ്പമാണ് പഹൂജ് അണക്കെട്ടിലെത്തിയത്. റീൽ ചിത്രീകരിക്കുന്നതിനായി സുരക്ഷാ വേലി കടന്ന പുഷ്പേന്ദ്ര വ്യൂ പോയിന്‍റിൽ നിന്നും വെളളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. വ്യൂ പോയിന്‍റില്‍ നിന്നും അല്പം മാറി നിന്ന സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു. പ്രതീക്ഷിച്ച ആഴം ജലാശയത്തിന് ഉണ്ടാകാതിരുന്നത് പുഷ്പേന്ദ്രയ്ക്ക് വിനയായി.
ജലാശയത്തിനടിയിലെ പാറക്കെട്ടുകളില്‍ കാല്‍ ചെന്ന് ശക്തമായി ഇടിച്ചതോടെ യുവാവിന്‍റെ രണ്ട് കാലിലെയും എല്ലുകള്‍ ഒടിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ 2 കാലുകളും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം നിയമം ലംഘിച്ച് അണക്കെട്ടിലേക്ക് എടുത്ത് ചാടിയതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.