ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന മധ്യ ജപ്പാനിലെ നഗോയ നഗരത്തിൽ കനത്ത മഴയും വെളളപ്പൊക്കവും. ചൊവ്വാഴ്ച നഗരത്തിൽ പെയ്ത മഴയാണ് പ്രളയസമാനമായ സാഹചര്യത്തിലേക്ക് നയിച്ചത്. നഗോയ നഗരത്തിലെ കെട്ടിടങ്ങളും വാഹനങ്ങളും റോഡുകളുമെല്ലാം വെളളത്തില്‍ മുങ്ങിയ നിലയിലാണ്. ഏഷ്യന്‍ ഗെയിംസ് ആരംഭിക്കാന്‍ 10 ദിവസം മാത്രം ശേഷിക്കെയാണ് പ്രതിസന്ധിയായി കനത്ത മഴ എത്തിയത്. മഴ ഇത്തരത്തില്‍ തുടര്‍ന്നാല്‍ അത് ഗെയിംസിന്‍റെ നടത്തിപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
പ്രളയ സമാനഹാസചര്യം ഉടലെടുത്തതോടെ നഗോയ നഗരത്തിലെ ജനജീവിതവും ദുസ്സഹമായിരിക്കുകയാണ്. ഗതാഗതം അപ്പാടെ താറുമാറായ നിലയിലാണുളളത്. ഏഷ്യൻ ഗെയിംസിനായി നഗരത്തിൽ എത്തിയ 400ഓളം താരങ്ങളെ ഇതിനോടകം സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഏഷ്യൻ ഗെയിംസിനായി നേരത്തെ എത്തിയ കായികതാരങ്ങൾ സുരക്ഷിതരാണെന്ന് മേയർ ഇച്ചീറോ ഹിരോസാവയും അറിയിച്ചു. 'മത്സരവേദികളുടെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയില്ല, നിശ്ചയിച്ചതുപോലെ തന്നെ ഏഷ്യൻ ഗെയിംസ് നടത്തുന്നതിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കരുതുന്നത്' എന്നും ഇച്ചീറോ ഹിരോസാവ മാധ്യമങ്ങളോട് പറഞ്ഞു. മല്‍സരങ്ങള്‍ നടക്കേണ്ട വേദികളിൽ ചിലയിടത്ത് മേൽക്കൂര ചോർന്നൊലിക്കുന്നതൊഴിച്ചാൽ മറ്റ് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജപ്പാനിലെ അയ്ച്ചി-നഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്‌ടോബർ നാലുവരെയാണ് ഇരുപതാമത് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. മൂന്നാമത്തെ തവണയാണ് ജപ്പാന്‍ ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്നത്. അതേസമയം ചൊവ്വാഴ്ച, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ 503 അംഗങ്ങളുള്ള ഇന്ത്യൻ സംഘത്തിനായി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. നിരവധി കായികതാരങ്ങളും ടീമുകളും ഇതിൽ പങ്കെടുത്തു. ന്യൂഡൽഹി അശോക ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ, ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് തുടങ്ങിയവർ പങ്കെടുത്തു.