Image Credit : Facebook

ഹിന്ദിയെ 'ദേശീയ ഭാഷ' എന്ന് വിശേഷിപ്പിച്ചതിൽ പരസ്യമായി മാപ്പ് പറഞ്ഞ് കന്നട സൂപ്പര്‍താരം ശിവ രാജ്കുമാർ. തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ ശിവ രാജകുമാര്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും ചെയ്തു. 'ഒറിജിനൽ മോൺസ്റ്റർ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചില്‍ സംസാരിക്കവേയാണ് താരം ഹിന്ദി ഭാഷയെ കുറിച്ച് പരാമര്‍ശിച്ചത്. എന്നാല്‍ ആ പരമാര്‍ശം സൈബറിടത്തടക്കം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി. തൊട്ടുപിന്നാലെ താരം മാപ്പുപറഞ്ഞ് രംഗത്തെത്തുകയായിരുന്നു.

പാൻ-ഇന്ത്യൻ ചിത്രത്തിൽ ഹിന്ദി സംഭാഷണങ്ങൾ പറയുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് ശിവ രാജ്കുമാര്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. ഹിന്ദി തന്റെ രണ്ടാമത്തെ ഭാഷയാണെന്നും അത് എളുപ്പമുള്ള ദേശീയ ഭാഷയാണെന്നും തനിക്ക് സംസാരിക്കാൻ അറിയാമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എന്നാല്‍ ഹിന്ദി പരാമര്‍ശത്തില്‍ അബദ്ധം പറ്റിയെന്ന് മനസിലായതോടെ സംഭവത്തില്‍ വ്യക്തത വരുത്തെത്തി ശിവ രാജ്കുമാര്‍ തന്നെ രംഗത്തെത്തി. 

തനിക്ക് അബദ്ധം പറ്റിയതാണെന്നും ആശയക്കുഴപ്പം മൂലമാണ് അങ്ങനെ പറഞ്ഞതെന്നും ശിവ രാജ്കുമാര്‍ പറഞ്ഞു. ഇന്ത്യയിലെ അനേകം ഭാഷകളിൽ ഒന്നു മാത്രമാണ് ഹിന്ദിയെന്നും, അതിനെ ദേശീയ ഭാഷയെന്ന് തെറ്റായി വിശേഷിപ്പിക്കുകയായിരുന്നെന്നും താരം വ്യക്തമാക്കി. തന്‍റെ ഭാഷയായ കന്നടയ്ക്ക് തന്നെയാണ് പ്രഥമ പരിഗണനയെന്ന് ശിവ രാജ്കുമാര്‍ പറഞ്ഞു. ഹിന്ദി സംസാരിക്കുന്നവര്‍ക്ക് എത്രത്തോളം പ്രധാനമാണോ അവരുടെ ഭാഷ അത്രത്തോളം പ്രധാനമാണ് തങ്ങള്‍ക്ക് കന്നഡ ഭാഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് സംഭവിച്ച തെറ്റില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ശിവ രാജ്കുമാര്‍ അറിയിച്ചു. 

ENGLISH SUMMARY:

Shiva Rajkumar's apology for calling Hindi a national language is the main focus. He clarified that it was a mistake and emphasized the importance of Kannada, his mother tongue.