തിരുവനന്തപുരം ചെങ്കവിളയിലെ മഹിളാ കോണ്‍ഗ്രസ് നേതാവിന്‍റെ മകന്‍ തമിഴ്നാട്ടില്‍ വെച്ച് കൊല്ലപ്പെട്ടതില്‍ അന്വേഷണം വൈകുന്നു. കാപ്പാ കേസ് അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ അതുലിനെയാണ് മാര്‍ത്താണ്ഡത്ത് തോട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയില്ല.

കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള ചെങ്കവിള സ്വദേശി അതുലാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് കന്യാകുമാരിക്ക് അടുത്ത് മാര്‍ത്താണ്ഡത്തുള്ള ആറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ശരീരമാസകലം വെട്ടേറ്റ നിലയിലായിരുന്നു. അതുല്‍ ശിവസേനയുടെ പ്രവര്ത്തകനാണ്. എന്നാല്‍ അതുലിന്‍റെ അമ്മ ചെങ്കവിളയിലെ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റാണ്. അതുലിനെ കൊന്നത് നാല് പേരടങ്ങുന്ന സംഘമെന്നാണ് സംശയിക്കുന്നത്. 

ഇവരുടേതെന്ന് കരുതുന്ന സി.സി.ടി.വി കാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. അതുലിന്‍റെ കാറും തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ രക്തക്കറകളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൊലപ്പെടുത്തിയ ശേഷം തോട്ടില്‍ തള്ളിയതാണെന്നാണ് കരുതുന്നത്. പ്രതികളുടെ അറസ്റ്റ് വൈകുന്നതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയാറായില്ല.

ENGLISH SUMMARY:

Attul murder case is a developing story where a Congress leader's son was found dead in Tamil Nadu, delaying the investigation. The deceased, who had multiple criminal cases against him, was found with severe injuries, and his family is protesting the slow pace of arrests.