AI Generated Image

ഗുരുഗ്രാമിലെ സൂരത് നഗറിലെ വീട്ടിൽ 36 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബഹുരാഷ്ട്ര കമ്പനിയിലെ അസോസിയേറ്റ് ഓപ്പറേറ്ററായ അമൃത്സർ സ്വദേശി സഞ്ജീവ് യാദവാണ് മരിച്ചത്. കുടുംബത്തോടൊപ്പമാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്. സഞ്ജീവിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. 

സഞ്ജീവും വിവാഹമോചനം ആവശ്യപ്പെട്ടിരുന്ന ഭാര്യയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി കുടുംബം പറയുന്നു. സംഭവത്തിൽ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് സഞ്ജീവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആ സമയത്ത് ഭാര്യ മൻപ്രീത് കൗറും അവരുടെ ഏഴു വയസ്സുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ ഫാനിൽ തൂങ്ങിനിൽക്കുന്നത് കണ്ട കുട്ടി അത് മൊബൈൽ ഫോണിൽ പകർത്തിയതായും, അതേസമയം മൃതദേഹം താഴെയിറക്കാൻ ഭാര്യ നിലവിളിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. തുടർന്ന് മൻപ്രീത് സ്വന്തം വീട്ടുകാരെയും സഞ്ജീവിന്‍റെ മാതാപിതാക്കളെയും വിവരമറിയിച്ചു.

സഹോദരനും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അല്ലാതെ സഞ്ജീവ് സ്വയം ജീവനൊടുക്കില്ലെന്നും സഹോദരി കിരൺ ആരോപിച്ചു. 100 കിലോയിലധികം ഭാരമുള്ള സഞ്ജീവ് ഫാനിൽ തൂങ്ങിനിൽക്കുന്ന വിഡിയോ സംശയാസ്പദമാണെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ദമ്പതികൾ തമ്മിൽ കുറച്ചുകാലമായി വഴക്കുണ്ടായിരുന്നുവെന്നും, മരുമകൾ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തി മകനെ കൊലപ്പെടുത്തിയതാണെന്നും സഞ്ജീവിന്‍റെ പിതാവ് രാംസേവക് യാദവ് ആരോപിച്ചു.

അംബാല സ്വദേശിയായ മൻപ്രീതും സഞ്ജീവും 2018 ഏപ്രിൽ 29-നാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഗുരുഗ്രാമിലെ 'ഡെൻസോ' കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹശേഷം സഞ്ജീവ് ഗുരുഗ്രാമിലായിരുന്നു താമസം. 2019-ൽ മകൻ ജനിച്ചതിന് ശേഷമാണ് മൻപ്രീത് ജോലി ഉപേക്ഷിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം നിയമപരമായ തുടരനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ മഹേന്ദർ സിങ് അറിയിച്ചു.

ENGLISH SUMMARY:

Gurugram man death has raised questions after a 36-year-old man was found hanging in his home in Surat Nagar. Police have launched an investigation into the suspicious circumstances surrounding the death of Sanjeev Yadav, an associate operator at a multinational company, following allegations of foul play by his family.