യുവതിയെയും രണ്ടര വയസുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസില്‍ ദമ്പതികള്‍ക്കെതിരെ കുറ്റപത്രം വായിച്ച് കുറ്റം ചുമത്തി. പൂവാര്‍ സ്വദേശികളായ മാഹിന്‍കണ്ണ്, ഭാര്യ റുഖിയ എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റം ചുമത്തിയത്. മാറനല്ലൂര്‍ സ്വദേശിനി ദിവ്യയും രണ്ടര വയസുള്ള മകള്‍ ഗൗരിയും കൊല്ലപ്പെട്ടതിലാണ് ദമ്പതികളെ പ്രതിചേര്‍ത്തിട്ടുള്ളത്. 

2011 ഓഗസ്റ്റ് പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം. മാഹിൻകണ്ണുമായി പ്രണയത്തിലായ ദിവ്യ ഊരുട്ടമ്പലത്തെ വാടകവീട്ടിൽ ഇയാളോടൊപ്പം താമസിച്ചിരുന്നു. ദിവ്യ ഗർഭിണിയായതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ മാഹിൻകണ്ണ് വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ദിവ്യയുടെ പ്രസവശേഷം നാട്ടിലെത്തിയ മാഹിന്‍കണ്ണിനെ ദിവ്യയുടെ ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുവന്നു. ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് മാഹിൻകണ്ണ് നേരത്തേ വിവാഹിതനാണെന്ന വിവരം ദിവ്യ അറിയുന്നത്. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നു. 

കൊലപാതകദിവസം മാഹിൻകണ്ണിനൊപ്പം താനും മകള്‍ ഗൗരിയും പുറത്തേക്ക് പോകുകയാണെന്ന് ദിവ്യ അമ്മ രാധയെ അറിയിച്ചിരുന്നു. തുടർന്ന് ഇരുവരെയും കാണാതായി. വീട്ടുകാരുടെ പരാതിയെ തുടർന്ന് മാറനല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവ്യ വേളാങ്കണ്ണിയിലുണ്ടെന്നും അവരെ കൂട്ടിക്കൊണ്ടുവരാമെന്നും പറഞ്ഞ് മാഹിൻകണ്ണ് പിന്നീട് വിദേശത്തേക്ക് കടന്നു. 

ഊരുട്ടമ്പലത്ത് നിന്ന് ഓട്ടോറിക്ഷയിൽ പൂവാർ വഴി തമിഴ്നാട്ടിലെ ഇരയ്യിമ്മൻ തുറയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ കടൽത്തീരത്ത് എത്തിച്ച ശേഷം ദിവ്യയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് മാഹിൻകണ്ണ് കൊലപ്പെടുത്തുകയായിരുന്നു. ദിവ്യയുടെയും ഗൗരിയുടെയും മൃതദേഹങ്ങൾ രണ്ട് ദിവസത്തിന് ശേഷം തമിഴ്നാട്ടിലെ തേങ്ങാപട്ടണം, കുളച്ചൽ തീരങ്ങളിൽ നിന്ന് തമിഴ്നാട് പൊലീസ് കണ്ടെത്തി. അജ്ഞാത മൃതദേഹങ്ങളുടെ ചിത്രങ്ങൾ പിന്നീട് ദിവ്യയുടെ സഹോദരി ശരണ്യയാണ് തിരിച്ചറിഞ്ഞത്. 

കൊലപാതകവിവരം അറിഞ്ഞിട്ടും പുറത്തറിയിക്കാതെ ഭര്‍ത്താവിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് റുഖിയയെ പ്രതിചേര്‍ത്തത്. കേസിൽ 109 സാക്ഷികളെയും, 104 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി. തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ റൂറൽ എസ്‌പിയായിരുന്ന ശിൽപ ദേവയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 

 

ENGLISH SUMMARY:

A Thiruvananthapuram court has charged a couple with the murder of a young woman and her two-year-old daughter, who were allegedly pushed into the sea. The accused, Mahinkannu and his wife Rukhiya from Poovar, are facing charges in connection with the deaths of Divya and her daughter Gouri in 2011.