Image: X, @HateDetectors
പ്രണയപ്പകയെത്തുടര്‍ന്ന് മീററ്റില്‍ 19കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവാവ് ജീവനൊടുക്കി. മീററ്റിലെ കങ്കർഖേഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡിഫൻസ് എൻക്ലേവ് കോളനിയിലെ സോണൽ പാർക്കിനടുത്താണ് സംഭവം. പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയായ അനുഷ്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയ പ്രതി ആദിത്യ (22) സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനുഷ്കയെ ആദിത്യ ബൈക്കില്‍ പിന്തുടര്‍ന്നെത്തുകയായിരുന്നു. അനുഷ്കയെ തടഞ്ഞുനിര്‍ത്തുകയും താന്‍ ഇന്‍സ്റ്റഗ്രാം റീലില്‍ കണ്ട ടാറ്റൂവിനെക്കുറിച്ച് ചോദ്യം ചെയ്യാനാരംഭിക്കുകയും ചെയ്തു. അനുഷ്ക തന്റെ നെഞ്ചില്‍ ‘ആര്യന്‍’ എന്ന പേരായിരുന്നു ടാറ്റൂ ചെയ്തിരുന്നത്. ഇത് റീല്‍സിലൂടെയാണ് ആദിത്യ കണ്ടത്. തുടര്‍ന്നാണ് അനുഷ്കയെ കാണാനായി ആദിത്യ എത്തിയത്.
ആദിത്യ പെണ്‍കുട്ടിയെ സംസാരിക്കാന്‍ നിര്‍ബന്ധിച്ചതോടെ ഇരുവരും സോണല്‍ പാര്‍ക്കിനടുത്തെത്തി. റീല്‍സില്‍ താന്‍ ടാറ്റൂ കണ്ടതായി ആദിത്യ പെണ്‍കുട്ടിയെ അറിയിച്ചു. പിന്നാലെ ‘ആര്യന്‍’ ആരാണെന്ന് ചോദ്യം ചെയ്തെങ്കിലും അനുഷ്ക മറുപടി പറയാന്‍ തയാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പിന്നീട് കടുത്ത വാക്കുതര്‍ക്കമായി. തര്‍ക്കത്തിനിടെ ആദിത്യ അരയിൽ സൂക്ഷിച്ചിരുന്ന പിസ്റ്റളെടുത്ത് അനുഷ്കയ്ക്ക് നേരെ വെടിയുതിർത്തു. പെൺകുട്ടിക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുട്ടിയുടെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടിക്കൂടി.
ആളുകള്‍ കൂടിയതോടെ താന്‍ പിടികൂടപ്പെടുമെന്ന് ഭയന്ന ആദിത്യ സ്വയം നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. െപണ്‍കുട്ടിയെ അവിടെക്കൂടിയവരെല്ലാം ചേര്‍ന്ന് സുഭാർത്തി മെഡിക്കൽ കോളേജിൽ എത്തിച്ചു. ഒരു വെടിയുണ്ട തലയിലും രണ്ടെണ്ണം വയറ്റിലുമാണ് കൊണ്ടത്. അടിയന്തര ശസ്ത്രക്രിയയിലൂടെ വയറ്റിലെ രണ്ട് വെടിയുണ്ടകൾ പുറത്തെടുത്തെങ്കിലും തലയിലെ വെടിയുണ്ട ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് ഹേറ്റ് ഡിറ്റക്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
ഗോവിന്ദ്പുരി സ്വദേശിയാണ് അനുഷ്ക. അമ്മയും സഹോദരനുമാണുള്ളത്. അതേസമയം ശിവലോക്പുര കോളനി നിവാസിയായ ആദിത്യ ഒരു സ്ഥിരം കുറ്റവാളിയാണെന്നാണ് റിപ്പോര്‍ട്ട്. പത്തിലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. അനധികൃതമായി ആയുധം കയ്യില്‍വച്ചതിനു അറസ്റ്റിലായ ആദിത്യ പത്ത് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനു ശേഷം അനുഷ്കയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. പിന്നീട് വഴിയിൽ തടഞ്ഞുനിർത്തി പുതിയ നമ്പർ സംഘടിപ്പിച്ചാണ് വീണ്ടും സംസാരിച്ചുതുടങ്ങിയത്.
മൂന്ന് വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്, പിന്നീട് പ്രണയത്തിലായെങ്കിലും ആദിത്യ ജയിലിലായതോടെ അനുഷ്ക അകലം പാലിക്കുകയായിരുന്നു.