Image Credit: X
മഹാരാഷ്ട്രയിലെ യവത്മലിലുണ്ടായ വെള്ളപ്പാച്ചിലില്‍ നിന്ന് അദ്ഭുതകരമായി രക്ഷപെട്ട് യുവാവ്. അവിനാഷ് ഖാന്ദ്രെയെന്ന യുവാവാണ് രക്ഷപെട്ടത്. കുടുംബത്തോടൊപ്പം ലോണിയിലേക്ക് സഞ്ചരിക്കവേയാണ് അപകടത്തില്‍പ്പെട്ടത്. പെരുമഴയില്‍ കുപ്തി നദി കരകവിഞ്ഞതോടെ പാലത്തിലേക്ക് വെള്ളം ഇരച്ചുകയറി. നിയന്ത്രണം നഷ്ടമായ കാര്‍ ഒലിച്ചു പോയി. കാറിനുള്ളിലിരുന്ന അവിനാഷ് എങ്ങനെയോ മരക്കൊമ്പിലേക്ക് ചാടിപ്പിടിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും രക്ഷിക്കാനായില്ല.
അപകട വിവരമറിഞ്ഞ് പൊലീസും രക്ഷാപ്രവര്‍ത്തകരുമെത്തിയപ്പോഴാണ് അവിനാഷിനെ അവശനിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളും കാറിനൊപ്പം ഒലിച്ചുപോയെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രാത്രി വൈകുവോളം തിരച്ചില്‍ നടത്തി. ഒടുവില്‍ മൂവരുടെയും മൃതദേഹങ്ങളും കണ്ടെടുത്തു.
മഹാരാഷ്ട്രയില്‍ കനത്ത മഴ അഞ്ചുദിവസത്തേക്കുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പലയിടങ്ങളിലും റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ നിലവിലുണ്ട്. ജൂലൈ ആദ്യമുണ്ടായ പെരുമഴയില്‍ 13 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും പത്തുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നൂറിലേറെ വീടുകള്‍ക്ക് മഴക്കെടുതിയില്‍ സാരമായ നാശനഷ്ടങ്ങളുണ്ടായതായും നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചതായും സ്റ്റേറ്റ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം അറിയിച്ചു.