Image: @ndtv, From the cctv visuals
ബാങ്ക് മാനേജരുടെ മുഖത്തടിച്ച, മുന്‍ കേന്ദ്രമന്ത്രി എം.കെ അഴഗിരിയുടെ മകള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് ചെന്നൈ പൊലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പുറത്തുവന്നതോടെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.
എസ്ബിഐ ബാങ്ക് മാനേജരുമായി കേന്ദ്രമന്ത്രിയുെട മകള്‍ കയല്‍വിഴി ഒരു ഓഫീസിനകത്ത്‌വച്ച് സംസാരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ആദ്യം കാണാനാവുക. കയല്‍വിഴിക്കൊപ്പം മറ്റൊരാള്‍കൂടി ഇരിക്കുന്നുണ്ട്, ബാങ്ക് മാനേജരുമായി തര്‍ക്കിക്കുകയാണെന്ന് കയല്‍വിഴിയുടെ ശരീരഭാഷയില്‍ നിന്നും വ്യക്തമാണ്. സംസാരിക്കുന്നതിനിടെ കയല്‍വിഴി പെട്ടെന്നെഴുന്നേല്‍ക്കുന്നതും മാനേജരുടെ മുഖത്തടിക്കുന്നതുമാണ് പിന്നീട് ദൃശ്യങ്ങളിലുള്ളത്.
കയല്‍വിഴിക്കെതിരെ ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. കയല്‍വിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എസ്ബിഐ അഡയാര്‍ ബ്രാഞ്ച് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്നാണ് ഈ തര്‍ക്കം ആരംഭിച്ചത്. ലിഫ്റ്റ് ശരിയാക്കിത്തരണമെന്ന ബാങ്ക് മാനേജരുടെ ആവശ്യമാണ് തര്‍ക്കത്തിലേക്ക് എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
ബാങ്ക് ചീഫ് മാനേജരാണ് കയല്‍വിഴിക്കെതിരെ ചെന്നൈ പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.