പ്രതീകാത്മക ചിത്രം

  • കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനു ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത് പത്തനംതിട്ട സ്വദേശി

വിദേശത്തുനിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രസവിച്ച് 16 ദിവസത്തിനുള്ളില്‍ കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് ദിവസങ്ങള്‍ മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. പത്തനംതിട്ടയില്‍ നിന്നാണ് യുവതി‌യെ പൊലീസ് കണ്ടെത്തിയത്. 

ഈ മാസം എട്ടിനാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയത്. വയനാട് സ്വദേശി എന്ന വിലാസം ആണ് ആശുപത്രിയിൽ നൽകിയത്. കൂട്ടിരിപ്പിനായി യുവതിയുടെ സുഹൃത്തിന്റെ അമ്മയുമുണ്ടായിരുന്നു. അതേസമയം യുവതി ഗര്‍ഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്ന് വീട്ടുകാര്‍ മൊഴി നല്‍കി. വിദേശത്തായിരുന്ന യുവതി ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് തോന്നിയതുകൊണ്ടാണ് രഹസ്യമായി കോഴിക്കോടെത്തിയതും കു‍‍ഞ്ഞിനെ ഉപേക്ഷിച്ചതുമെന്നും യുവതി പൊലീസിനോട് സൂചിപ്പിച്ചതായാണ് വിവരം. 

പ്രസവശേഷം ഇവര്‍ 12നാണ് ആശുപത്രിയില്‍ നിന്നും പോകുന്നത്. പിന്നീട് കുഞ്ഞിന് സുഖമില്ലെന്നും പറഞ്ഞാണ് വീണ്ടും ആശുപത്രിയിലെത്തിയത്. കുഞ്ഞിനെ അല്‍പനേരം നോക്കാനാവശ്യപ്പെട്ട് യുവതി കടന്നുകളഞ്ഞു. കൂട്ടിരിപ്പുകാരിയായി ഇരുന്ന സ്ത്രീയുടെ കയ്യിലാണ് യുവതി കുഞ്ഞിനെ ഏല്‍‍പ്പിച്ചതെന്ന് പിന്നീട് വ്യക്തമായി. ഏറെ നേരമായിട്ടും യുവതി തിരിച്ചെത്താതിരുന്നതോടെയാണ് സ്ത്രീ വെള്ളിയാഴ്ച വൈകിട്ടോടെ മെഡിക്കല്‍ കോളജ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. കുഞ്ഞിനെ പിന്നീട് ശിശുക്ഷേമ സമിതിയെ അറിയിച്ച് സുരക്ഷിതമായ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനു ശേഷം മെഡിക്കൽ കോളജ് പൊലീസും സിറ്റി പൊലീസും ഊർജിതമായി നടത്തിയ അന്വേഷണത്തിലാണ് യുവതി പത്തനംതിട്ട സ്വദേശി ആണെന്ന് വ്യക്തമായത്.

പത്തനംതിട്ടയിൽ എത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുഞ്ഞിന്റെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ യുവതി മൂന്നു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുകയാണ് എന്ന വിവരവും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് കാര്യങ്ങള്‍ വെളിവായത്. 

കുഞ്ഞിന്റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയ ശേഷം രാത്രിയോടെ തന്നെ ശിശുക്ഷേമ സമിതിക്കു മുന്നിൽ ഹാജരാക്കി. തുടർന്ന് അവരുടെ ഔദ്യോഗിക ഉത്തരവ് പ്രകാരം കോഴിക്കോട് സെന്റ് വിൻസെന്റ് ഹോമിലേക്ക് മാറ്റി. കുഞ്ഞിന് ആവശ്യമായ എല്ലാ പരിചരണവും ഇവിടെ ഉറപ്പാക്കി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉൾപ്പെടെ പൊലീസ് യുവതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

 

Woman Arrested for Abandoning Newborn at Kozhikode Medical College After Traveling From Abroad:

A woman who had been separated from her husband for three years traveled from abroad to Kozhikode Medical College to secretly give birth and avoid family scrutiny. After staying for 16 days, she abandoned her newborn infant by tricking her companion's mother into holding the baby before fleeing the scene. Following a complaint filed by the companion, Kozhikode police tracked the woman down to Pathanamthitta and took her into custody. The baby, whose health is fully stable, has been safely transferred to St. Vincent’s Home under the Child Welfare Committee, while the mother faces charges under the Juvenile Justice Act.