കോഴിക്കോട് ലഹരിക്കേസിൽ അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയേയും പിരിച്ചുവിട്ടു. പേരാമ്പ്ര ബി ആർ സിയിലെ അധ്യാപിക കാവ്യയ്ക്കെതിരെയാണ് നടപടി. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാരോപിച്ചു യു ഡി എഫ് പ്രവർത്തകർ ബി ആർ സി ഉപരോധിച്ചു.
എംഡിഎംഎ കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് പേരാമ്പ്ര ബിആർസിക്ക് കീഴിലെ സ്പെഷ്യൽ സ്കൂൾ അധ്യാപിക കാവ്യയെ പുറത്താക്കിയത്. ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാട് കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് നടന്നിരുന്നത്. കേസിലെ മറ്റൊരു പ്രതിയും അധ്യാപികയുമായിരുന്ന കീർത്തനയെ നേരത്തെ പിരിച്ചുവിട്ടിരുന്നു. അറസ്റ്റിലാകുന്നതിനു മുൻപ് ഇരുവരെയും കുറച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
അതിനിടെ, സംഭവത്തിൽ ബി ആർ സിക്ക് കുറ്റകരമായ അനാസ്ഥ സംഭവിച്ചതായി യുഡിഎഫ് പ്രവർത്തകൻ ആരോപിച്ചു. ബി ആർ സി പ്രവർത്തകർ ഉപരോധിച്ചു. ലഹരി കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.