സ്കൂളില്‍ നിന്ന് കുട്ടികളെ തിരികെ ആക്കാനുള്ള യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചുവയസുകാരി മരിച്ചു.കല്ലട്കയിലെ പ്രീ പ്രൈമറി സ്കൂളിലെ യുകെജി വിദ്യാര്‍ഥി ചിരാന്‍വിയാണ് മരിച്ചത്. ബെംഗളൂരുവിലെ ബന്ത്വാള് താലൂക്കിലാണ് സംഭവം. കുട്ടികളെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് മരം മറിഞ്ഞ് വീണത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ പുട്ടൂരിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
അപകടവാര്‍ത്തയറിഞ്ഞ് നടുങ്ങിപ്പോയെന്നും കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. പരുക്കേറ്റ കുട്ടികള്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ മഴയിലും കാറ്റിലും മരം കടപുഴകി നിന്നതാവാം അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. അപകടത്തില്‍പ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ഒരുവര്‍ഷം മുന്‍പ് കഴിഞ്ഞ മാസം മുംബൈയിലെ ചെമ്പൂരിലും സമാന രീതിയില്‍ 11കാരി മരിച്ചിരുന്നു. നാല് കുട്ടികള്‍ക്ക് അന്ന് പരുക്കേറ്റു.