Image Credit:X
ക്ലാസ്മുറിയില്‍ മൂര്‍ച്ചേറിയ കത്തിയുമായി അധ്യാപികയെത്തിയ സംഭവത്തില്‍ അന്വേഷണം. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. കത്തിയും കയ്യില്‍ പിടിച്ച് അധ്യാപിക ക്ലാസില്‍ ഇരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ അതിവേഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അന്വേഷണം. കുട്ടികളുടെ സുരക്ഷയ്ക്കായാണ് താന്‍ ഇത് കൈവശം വയ്ക്കുന്നതെന്നാണ് അധ്യാപിക നല്‍കിയ വിശദീകരണം.
തെരുവുനായശല്യത്തില്‍ പലവട്ടം താന്‍ പരാതിപ്പെട്ടിരുന്നുവെന്നും പക്ഷേ ഫലമുണ്ടായില്ലെന്നും അധ്യാപിക പറയുന്നു. ആക്രമിക്കാന്‍ വരുന്ന നായ്ക്കളെ തുരത്താന്‍ ഒടുവില്‍ താന്‍ ആയുധമെടുത്തുവെന്നും മറ്റാരെയും ഉപദ്രവിക്കാനല്ല ഇതെന്നും അവര്‍ വിശദീകരിച്ചു. തെരുവുനായ ക്ലാസ്മുറിയില്‍ കയറി കുട്ടികളെ കടിക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ താന്‍ തന്നെ മുന്നിട്ടിറങ്ങാതെ മാര്‍ഗമില്ലെന്നും അവര്‍ പറയുന്നു.
അതേസമയം, തെരുവുനായയെ തുരത്താന്‍ ക്ലാസ്മുറിയില്‍ കത്തിയുമായി ഇരുന്നിട്ട് കാര്യമില്ലെന്നും കുട്ടികള്‍ക്കടുത്ത് ഇത്രയും കൂര്‍ത്ത് മൂര്‍ച്ചയേറിയ സാധനങ്ങള്‍ സൂക്ഷിക്കുന്നത് ശരിയല്ലെന്നും ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. തെരുവുനായ ശല്യം ഒഴിവാക്കാന്‍ അധികൃതരുടെ സഹായത്തോടെ ഫലപ്രദമായ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും ഇത്തരം നടപടികള്‍ പ്രോല്‍സാഹിപ്പിക്കരുതെന്നും കമന്‍റുകളിലുണ്ട്.