തെലങ്കാനയില്‍ രണ്ട് കുടുംബങ്ങളെ നിഷ്ക്കരുണം കൊന്നുതള്ളിയ പ്രതിക്കായി ഊര്‍ജിത തിരച്ചില്‍. രംഗറെഡ്ഡിയില്‍ പീഡനക്കേസ് പ്രതിയായ രാജ് കുമാര്‍( 35) ആണ് ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം, ഇയാള്‍ക്കെതിരെ പീഡനപരാതി നല്‍കിയ പെണ്‍കുട്ടിയേയും കുടുംബത്തേയും കൂടി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച അര്‍ധരാത്രി നടന്ന സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
രംഗറെഡ്ഡിയിലാണ് സംഭവം. അര്‍ധരാത്രി ഭാര്യ 30കാരിയായ പാര്‍വതി സരിതയേയും 4വയസും 18 മാസവും പ്രായമുള്ള രണ്ട് ആണ്‍മക്കളേയുമാണ് ആദ്യം കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആറ് കിലോമീറ്റര്‍ യാത്ര ചെയ്ത് അടുത്തുള്ള ഗ്രാമത്തിലെത്തി ഇയാള്‍ക്കെതിരെ പീഡനപരാതി നല്‍കിയ 17കാരിയായ പെണ്‍കുട്ടിയേയും 45കാരിയായ അമ്മയേയും 65വയസുള്ള മുത്തശ്ശിയേയും കൊലപ്പെടുത്തുകയായിരുന്നു.
രണ്ട് കുടുംബങ്ങളേയും കൊല ചെയ്ത ശേഷം പ്രതി പിതാവിനെ വിളിച്ച് വിവരം പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായി സിറ്റി പൊലീസ് കമ്മിഷണർ തരുൺ ജോഷി പറഞ്ഞു. ഇയാള്‍ക്കായി പ്രത്യേക പൊലീസ് സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായും കമ്മിഷണര്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും ലൈംഗികമായി പീഡിപ്പിച്ചതിനും കഴിഞ്ഞ മേയ് മാസത്തില്‍ രാജ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കൊല നടക്കുന്നതിന്റെ ഒരാഴ്ച മുന്‍പാണ് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ഇയാൾക്ക് ജാമ്യം ലഭിച്ചത്.
സ്വന്തം മക്കളെ ഇയാള്‍ ഉറങ്ങിക്കിടക്കുന്നതിനിടെയില്‍ കൊലപ്പെടുത്തിയതായാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം ഭാര്യയെ കൊലപ്പെടുത്തുംമുന്‍പ് വലിയ തോതില്‍ പിടിവലി നടന്നതായും സൂചനയുണ്ട്. കുടുംബത്തില്‍ ഈ ക്രൂരതയ്ക്ക് മുന്‍പ് പ്രത്യേക പ്രശ്നങ്ങളൊന്നും തന്നെ ഉള്ളതായി അറിയില്ലെന്നും അടുത്ത ബന്ധുക്കള്‍ പറയുന്നു. ഫോറന്‍സിക് സംഘമുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അധികം വൈകാതെ തന്നെ പ്രതിയെ പിടികൂടുമെന്ന് പൊലീസ് പറയുന്നു.