എറണാകുളം ആലങ്ങാട് യുവതിയെ സഹോദരനും സഹോദരന്റെ ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ചു. സ്വർണം മോഷ്ടിച്ചു എന്ന വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ പ്രതികരിച്ചതിനായിരുന്നു മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.

സ്വന്തം സഹോദരിയെ സഹോദരനും നാല് ദിവസം മുൻപ് മാത്രം വിവാഹം കഴിച്ച ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. 

ആലങ്ങാട് സ്വദേശിനി ജോമോൾക്ക് വിവാഹസമയത്ത് നൽകിയ പത്ത് പവൻ സ്വർണം സഹോദരൻ ജെയ്‌സണ് നൽകാത്തത് കുടുംബത്തിൽ തർക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വിരോധത്തിൽ ഭാര്യയുടെ റോൾഡ് ഗോൾഡ് മാല സ്വർണ്ണമെന്ന് കള്ളം പറഞ്ഞ് ജോമോൾ മോഷ്ടിച്ചെന്ന് ജെയ്സൺ ആരോപിച്ചു. ഇതിൻറെ പേരിൽ ജോമോളെ തടഞ്ഞുവെക്കാനും മർദ്ദിക്കാനും ജെയ്സണും ഭാര്യയും ശ്രമിച്ചു. മാല കണ്ടെത്തിയതോടെ മോഷണ കഥ പൊളിഞ്ഞു. തുടർന്ന്, പൊലീസിൽ പരാതി നൽകാൻ സുഹൃത്തിനൊപ്പം പോകാൻ ഇറങ്ങിയ സമയത്താണ് ജോമോളെ സഹോദരനും ഭാര്യ റെയ്നയും ക്രൂരമായി മർദ്ദിക്കുന്നത്.

തന്നെ റൂമിൽ പൂട്ടിയിടുകയും, കൊല്ലാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ജോമോളുടെ ആരോപണം. ജോമോളുടെ പരാതിയിൽ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തു. ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജെയ്സണും, ഭാര്യയും ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. 

Brutal Sibling Assault in Alangad Over False Gold Theft Allegation:

News reports a brutal assault on a young woman in Alangad, Ernakulam, by her brother and sister-in-law over a false gold theft accusation. The victim was severely beaten after she retaliated against the baseless claims, with the incident captured on video and shared with Manorama News.