ഒഡിഷയിലെ ബാലസോർ ജില്ലയിലുള്ള തുഡിഗഡിയ ബസാറിൽ അതിസാഹസികമായ രീതിയിലൊരു കവർച്ച നടന്നു. വാഹനത്തിൽ എടിഎം കിയോസ്കിന് മുന്നിലെത്തിയ അഞ്ചിലധികം വരുന്ന അക്രമിസംഘം വാതിൽ ബലമായി തുറന്ന് വലിയ കയർ ഉപയോഗിച്ച് എടിഎം മെഷീൻ വാഹനത്തിൽ ബന്ധിച്ചു. തുടർന്ന് വാഹനം മുന്നോട്ടെടുത്ത് മെഷീൻ  പിഴുതെടുക്കുകയും റോഡിലൂടെ ദൂരേക്ക് കെട്ടിവലിച്ച് കൊണ്ടുപോവുകയും ചെയ്തു. 

ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് മെഷീൻ തകർത്ത് പണം കവർന്ന പ്രതികൾ, തകർന്ന എടിഎം റോഡരികിൽ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു.  എടിഎം മെഷീൻ വലിച്ചിഴച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഖൈറ പൊലീസ് അന്വേഷണം നടത്തുന്നത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊള്ള നടന്നത്. 

എടിഎമ്മിൽ നിന്ന് എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് തിട്ടപ്പെടുത്താൻ ബാങ്ക് അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഉപേക്ഷിക്കപ്പെട്ട എടിഎം മെഷീൻ പൊലീസ്  കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഖൈറ, തുഡിഗഡിയ പ്രദേശങ്ങളിൽ സമാനമായ മോഷണങ്ങളും കവർച്ചകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 

Daring ATM Heist in Balasore, Odisha:

An audacious ATM robbery occurred in Odisha's Balasore district, where criminals used a rope to pull an ATM machine out of its kiosk and drag it away. The daring heist, captured on CCTV, is now under investigation by Khaira police.