മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി കരൂര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി വിജയ്. ജൂലൈ 10ന് അദ്ദേഹം കരൂർ സന്ദർശിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി എൻ. ആനന്ദ് അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 27-ന് ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങളെ കാണാനാണ് മുഖ്യമന്ത്രി എത്തുന്നത്. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാര്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിജയ് നേരിട്ട് തന്നെ നിയമന ഉത്തരവ് കൈമാറിയേക്കും എന്നാണ് സൂചന.
അതേസമയം, കരൂരിലെ 41 പേരുടെ മരണത്തിന് പിന്നിൽ മുൻ ഡി.എം.കെ സര്‍ക്കാരിന്‍റെ ഗൂഢാലോചനയാണെന്ന് പി.ഡബ്ല്യു.ഡി മന്ത്രി ആദവ് അർജുന ആരോപിച്ചു. ഡി.എം.കെ സർക്കാറും പൊലീസുമായി ചേർന്നാണ് ദുരന്തം വരുത്തിവച്ചതെന്നും, ഇതിന് പിന്നിലുള്ളവർക്കെതിരെ കര്‍ശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ എ.ഐ.എ.ഡി.എം.കെ നേതാക്കളെ ടി.വി.കെയിലേക്ക് സ്വാഗതം ചെയ്ത ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എന്നാൽ, ഈ ആരോപണങ്ങളെ ഡി.എം.കെ തള്ളുന്നുണ്ട്. കരൂർ സന്ദർശനത്തിന് മുൻപ് മുൻ മന്ത്രി വി.സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്യാനുള്ള ടി.വി.കെയുടെ വെപ്രാളമാണ് ഇതിന് പിന്നിലെന്ന് മുൻ ഡി.എം.കെ മന്ത്രി എസ്. രഘുപതി പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് ഡി.എം.കെക്കെതിരെ കുതിരക്കച്ചവട ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, സെന്തിൽ ബാലാജിക്കെതിരെയുള്ളത് വ്യാജ കേസുകളാണെന്നും അദ്ദേഹം ആരോപിച്ചു. കരൂർ സന്ദർശിക്കുന്നതിന് മുൻപ് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി വിജയ് പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നാണ് ഡി.എം.കെ ആരോപിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ കരൂർ സന്ദർശനത്തിന് മുന്നോടിയായി വലിയ രാഷ്ട്രീയ ഏറ്റുമുട്ടലാണ് തമിഴ്നാട്ടില്‍ നടക്കുന്നത്.
കഴിഞ്ഞ മാസം വിജയ് ട്രിച്ചി സന്ദർശിച്ചിരുന്നെങ്കിലും അത് ടി.വി.കെ അധ്യക്ഷന്‍ എന്ന നിലയിൽ വോട്ടർമാർക്ക് നന്ദി പറയാനായിരുന്നു. എന്നാൽ, കരൂര്‍ സന്ദർശനം മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക യാത്രയാണ്. ദുരന്തം നടന്ന് ഒരു മാസം കഴിഞ്ഞ് ഒക്ടോബർ 27-ന് മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ച് വിജയ് ദുരന്തബാധിതരുടെ കുടുംബങ്ങളെ കണ്ടിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സന്ദർശനം.
2025 സെപ്റ്റംബർ 27 നാണ് തമിഴ്നാടിനെ നടുക്കിയ കരൂര്‍ ദുരന്തമുണ്ടായത്. വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. റാലിയിൽ പങ്കെടുക്കാൻ വൻ ആൾക്കൂട്ടമാണ് കരൂരിലേക്ക് എത്തിയത്. ഏഴു മണിക്കൂറോളം വൈകിയാണ് വിജയ് എത്തിയത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഇരച്ചുകയറാൻ ശ്രമിക്കുകയും തിക്കും തിരക്കുമുണ്ടാവുകയും ആയിരുന്നു.