തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇന്ന് 100 ദിവസം. വലിയ വിവാദങ്ങള്‍ക്കും നാടകീയ സംഭവങ്ങള്‍ക്കുമാണ് ഇക്കാലയളവില്‍ തമിഴകം സാക്ഷിയായത്. ജനപ്രിയ പ്രഖ്യാപനങ്ങളും ജനങ്ങള്‍ക്ക് ഇടയിലേക്കിറങ്ങിയുള്ള പ്രവര്‍ത്തനവും വിജയ് സര്‍ക്കാരിനെ തമിഴ്‌നാട്ടുകാരുടെ ഫേവറേറ്റ് ആക്കുന്നുണ്ട്.
60 വര്‍ഷം മാറി മാറി ഭരിച്ച ദ്രാവിഡ പാര്‍ട്ടികളെ കൈവിട്ടാണ് തമിഴകം ദളപതി വിജയ്‌യുടെ ടിവികെയ്ക്ക് കൈകൊടുത്തത്. മേയ് 10 ന് സത്യപ്രതിജ്ഞ ചെയ്തപ്പോഴുള്ള പ്രഖ്യാപനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ലെന്ന് അടിവരയിട്ടുകൊണ്ടാണ് തമിഴകത്തെ വിജയ് സര്‍ക്കാരിന്‍റെ മുന്നേറ്റം. സര്‍ക്കാരിന്‍റെ നൂറു ദിവസം പിന്നിടുമ്പോള്‍ വിവാദങ്ങളും വിമര്‍ശനങ്ങളുമേറെ കണ്ടു തമിഴകം. മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതില്‍ പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ അറസ്റ്റ് വരെ നീണ്ട രാഷ്ട്രീയക്കാഴ്ചകള്‍. വിദ്യാര്‍ഥി ഹോസ്റ്റലുകളിലെയും സര്‍ക്കാര്‍ ആശുപത്രികളിലെയും മെട്രോ സ്റ്റേഷനുകളിലെയും മിന്നല്‍ സന്ദര്‍ശനങ്ങള്‍ ജനങ്ങളില്‍ വിജയ്‌യിലുള്ള വിശ്വാസം കൂട്ടിയെന്നാണ് വിലയിരുത്തല്‍. കൂടാതെ ബജറ്റില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ജനത്തെ ടിവികെ സര്‍ക്കാരിനോട് കൂടുതല്‍ അടുപ്പിക്കുന്നുണ്ട്.
കാവേരി പ്രശ്നത്തിലെ മെല്ലെപ്പോക്ക് നിലപാടില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും രാഷ്ട്രീയത്തില്‍ പിച്ച വയ്ക്കുന്ന സര്‍ക്കാരിനെ തള്ളാനും മാത്രം തമിഴ്‌നാട് മുതിര്‍ന്നില്ല. അഴിമതിക്കെതിരെ മുഖം തിരിക്കാതെ നടപടി എന്ന ലക്ഷ്യത്തിലൂന്നിയ വിജയ് സര്‍ക്കാരിനെ ഇരുകയ്യും നീട്ടി തമിഴ് മക്കള്‍ സ്വീകരിച്ചു കഴിഞ്ഞു. അടിത്തട്ടിലെ അഴിമതികള്‍ കുറയുന്നെന്ന സൂചനങ്ങള്‍ ഉണ്ടെങ്കിലും അഴിമതിരഹിത ഭരണവുമായുള്ള മുന്നോട്ട് പോക്ക് വിജയ് സര്‍ക്കാരിന് വലിയ വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ട്.