തമിഴ്‌നാട്ടില്‍ ചരിത്രം കുറിച്ച സൂപ്പര്‍ സ്റ്റാര്‍ വിജയ്‌യുടെ പാര്‍ട്ടി, തമിഴക വെട്രി കഴകത്തിന്‍റെ പേര് മാറ്റുമോ? മാറ്റുമെന്നാണ് പുതുതായി പാര്‍ട്ടിയിലെത്തിയ നടന്‍ ദേവന്‍റെ വെളിപ്പെടുത്തല്‍. തമിഴ്നാട്ടിന് പുറത്ത് സ്വാധീനമുറപ്പിക്കാന്‍ പുതിയ പേര് വേണമെന്ന് പാര്‍ട്ടി നേതൃത്വം ധാരണയിലെത്തിയെന്ന് ദേവന്‍ മനോരമന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചര്‍ച്ചകള്‍ തകൃതിയായി പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നും ദേവന്‍ പറഞ്ഞു.
അതേസമയം, ടിവികെയ്ക്ക് മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ചര്‍ച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന നേതാവാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് എന്നും നടന്‍ ദേവന്‍ പറഞ്ഞു. തന്‍റെ ടിവികെ പ്രവേശം മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാക്കാനുള്ള സുവര്‍ണാവസരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍ എന്തുകൊണ്ടാണ് താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റാകാന്‍ വിസമ്മതിച്ചതെന്നും ദേവന്‍ വെളിപ്പെടുത്തി. സംഘടനയിലെ സ്ത്രീകള്‍ തമ്മിലുള്ള വ്യക്തിപരമായ പോരാണ് പ്രശ്നങ്ങള്‍ പരസ്യമാകാന്‍ വഴിവച്ചത്. മോഹന്‍ലാല്‍ ഏറെക്കാലമായി ഈ പ്രശ്നം നേരിട്ടിരുന്നുവെന്നും അതേച്ചൊല്ലി എല്ലായ്പ്പോഴും മാധ്യമങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത തലയില്‍ വരുന്നത് അദ്ദേഹത്തിന് അനാവശ്യമായ സമ്മര്‍ദം ഉണ്ടാക്കിയിരുന്നുവെന്നും ദേവന്‍ പറഞ്ഞു. തനിക്ക് പ്രസിഡന്‍റാകാന്‍ കഴിയാതെ വന്നതില്‍ വിഷമമില്ല. ഇപ്പോഴത്തെ ഭരണസമിതി നന്നായി കാര്യങ്ങള്‍ നടത്തുന്നുണ്ടെന്നും ദേവന്‍ മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.