കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) വിതരണം ചെയ്ത നിപ (Nipah) മരുന്നായ റെംഡെസിവിറിന്റെ (Remdesivir) വയലുകളിൽ നിർമാണത്തീയതി രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തൽ. വിതരണം ചെയ്ത മരുന്നിന്റെ ലേബലിൽ 'ഫോർ ക്ലിനിക്കൽ ട്രയൽ യൂസ്' (For Clinical Trial Use) എന്ന് രേഖപ്പെടുത്തിയത് മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന മരുന്നാണോ വിതരണം ചെയ്തതെന്ന സംശയങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കാലാവധി കഴിഞ്ഞ നിപ മരുന്ന് രോഗികൾക്ക് നൽകിയെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രി നിയമസഭയിൽ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.

കെ.എം.എസ്.സി.എൽ രേഖകൾ പ്രകാരം അമേരിക്കൻ കമ്പനി നിർമിച്ച ഈ മരുന്നുകളുടെ നിർമാണത്തീയതി 2021-ഉം കാലാവധി കഴിയുന്നത് 2025 സെപ്റ്റംബറിലുമാണ്. പ്രസ്തുത കാലയളവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരു നിപ രോഗി പോലും മരണപ്പെട്ടിട്ടില്ലെന്നും, മരണപ്പെട്ട അഞ്ചുപേരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നപ്പോഴാണ് മരിച്ചതെന്നും അന്നത്തെ നിപ നോഡൽ ഓഫീസറായിരുന്ന ഡോ. ചാന്ദിനി സ്ഥിരീകരിച്ചു. 

കൂടാതെ ആരോഗ്യമന്ത്രി പരാമർശിച്ച കാലയളവിൽ നിപ രോഗികൾക്ക് റെംഡെസിവിർ നൽകിയിട്ടില്ലെന്നും, മരണപ്പെട്ട അഞ്ചുപേർക്കും മരണശേഷമാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യവിദഗ്ദ്ധൻ ഡോ. എ.എസ്. അനൂപ് കുമാർ വ്യക്തമാക്കി. മരുന്നിന്റെ സാധാരണ കാലാവധി രണ്ടുവർഷം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന ആരോപണം ആരോഗ്യവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും വിഷയത്തിൽ വിദഗ്ദ്ധസമിതി അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സർക്കാരിന് വിഷയത്തിൽ യാതൊരു മുൻവിധിയുമില്ലെന്നും സഭയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, കെ.എം.എസ്.സി.എൽ ഏത് ഏജൻസി വഴിയാണ് ഈ മരുന്ന് വാങ്ങിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സമാനമായി യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബഹ്‌റൈൻ കമ്പനിയിൽ നിന്ന് വാങ്ങിയ മരുന്നുകളിൽ നിർമാണത്തീയതിയും കാലാവധിയും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. 

ENGLISH SUMMARY:

A major controversy has erupted at Kozhikode Medical College after it was discovered that Remdesivir vials supplied by KMSCL for Nipah treatment lacked manufacturing dates and bore labels stating "For Clinical Trial Use." According to KMSCL documents, the US-manufactured drug was produced in 2021 with an expiry date of September 2025, raising serious questions as the standard shelf life of the medicine is typically two years. Former Nipah Nodal Officer Dr. Chandni and health expert Dr. A.S. Anoop Kumar clarified that no Nipah patients died at the Medical College during the period in question and that Remdesivir was not even administered to those patients.