കള്ളുഷാപ്പുകളിൽ ഒരു തരത്തിലുള്ള ജോലിയും സ്ത്രീകൾക്ക് നൽകാൻ പാടില്ലെന്ന ചട്ടം ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. 2002-ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) ആണ് ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചത്. ഈ വ്യവസ്ഥ പ്രകാരം കള്ളുഷാപ്പുകളിൽ ഒരു തരത്തിലുള്ള ജോലിയിലും സ്ത്രീകളെ നിയമിക്കാൻ പാടില്ലായിരുന്നു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കും തൊഴിൽ സ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിൽ അവസരങ്ങൾ നിഷേധിച്ചുകൊണ്ടാകരുതെന്നും ജസ്റ്റിസ് പി.ഗോപിനാഥ് ചൂണ്ടിക്കാട്ടി

  • കേസിന്റെ വഴി

തൃശൂർ പൊഞ്ഞനം കള്ളുഷാപ്പിൽ ജോലി ചെയ്തിരുന്ന കെ.ജെ.കുഞ്ഞുപാലു 2024 മേയ് 20-നാണ് മരിച്ചത്. തുടർന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന കള്ളുഷാപ്പിൽ ആശ്രിത നിയമനത്തിന്റെ അടിസ്ഥാനത്തിൽ ജോലി നൽകണമെന്ന് ഭാര്യ സോഫി ആവശ്യപ്പെട്ടു. 2009-ൽ പരിഷ്കരിച്ച കേരള കള്ള് ചെത്ത് വ്യവസായ ബന്ധ ക്രമീകരണ നിയന്ത്രണ ചട്ടങ്ങളിലെ വ്യവസ്ഥകൾ അടിസ്ഥാനമാക്കിയായിരുന്നു ആവശ്യം. എന്നാൽ 2002-ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) പ്രകാരം സ്ത്രീകൾക്ക് കള്ളുഷാപ്പുകളിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന കാരണത്താൽ നിയമനം നിഷേധിക്കപ്പെട്ടു. ഇതോടെയാണ് സോഫി ഹൈക്കോടതിയെ സമീപിച്ചത്.

  • സോഫിയുടെ വാദങ്ങൾ

സ്ത്രീകളെ വിദേശമദ്യ വിൽപ്പനശാലകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയിരുന്ന സമാന വ്യവസ്ഥകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിട്ടുണ്ടെന്ന് സോഫി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ സുരക്ഷയുടെ പേരിൽ തൊഴിൽ അവസരങ്ങൾ പൂർണമായി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന സുപ്രീംകോടതി ഉത്തരവുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, ലിംഗവിവേചന നിരോധനം, തൊഴിൽ അവസരങ്ങളിലെ തുല്യത, ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നിവയുടെ ലംഘനമാണ് കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസൽ ചട്ടത്തിലെ വ്യവസ്ഥകളെന്നും ഹർജിക്കാരി വാദിച്ചു.

  • സർക്കാർ വാദം

സ്ത്രീകളെ ചൂഷണത്തിൽ നിന്നും തൊഴിൽസ്ഥലത്തെ പീഡനങ്ങളിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസ്ഥ കൊണ്ടുവന്നതെന്നായിരുന്നു സർക്കാർ വാദിച്ചത്. കള്ളുഷാപ്പുകൾ പലപ്പോഴും വിദൂരവും ഒറ്റപ്പെട്ടതുമായ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കേണ്ടത് ചട്ടങ്ങൾ രൂപീകരിക്കുന്ന അധികാരികളുടെ ഉത്തരവാദിത്വമാണ്. എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ പരിഗണിക്കണമെന്നില്ല. ജോലിയുടെ സ്വഭാവവും സാഹചര്യങ്ങളും അനുസരിച്ച് വ്യത്യസ്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും സർക്കാർ വാദിച്ചു.

മദ്യവ്യാപാരം ഭരണഘടനാപരമായ അടിസ്ഥാന അവകാശമായി അവകാശപ്പെടാനാകാത്ത മേഖലയാണെന്ന വാദവും സർക്കാർ ഉന്നയിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും വിശദീകരിച്ചു. കൂടാതെ, വിദേശമദ്യശാലകളും കള്ളുഷാപ്പുകളും തമ്മിൽ ഘടനാപരമായ വ്യത്യാസമുണ്ടെന്നും സർക്കാർ വാദിച്ചു. കള്ളുഷാപ്പുകളിൽ നേരിട്ട് മദ്യം വിളമ്പുന്നതും വിൽക്കുന്നതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന് ഷാപ്പ് ലൈസൻസിയും വാദിച്ചു.

  • കോടതിയുടെ തീർപ്പ്

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന സർക്കാരിന്റെ വാദം അംഗീകരിക്കുമ്പോഴും അതിനായി തൊഴിൽ അവസരങ്ങൾ പൂർണമായി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. സ്ത്രീകളെ ഒരു തൊഴിൽ മേഖലയിൽ നിന്നും ഒഴിവാക്കുന്നതല്ല അതിനുള്ള പരിഹാരം. മദ്യം വിൽക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു എന്നതുകൊണ്ടുമാത്രം സ്ത്രീകളെ തൊഴിൽ മേഖലയിൽ നിന്ന് മാറ്റിനിർത്താനാവില്ലെന്നും കോടതി വിലയിരുത്തി.

മദ്യവ്യാപാരം ഭരണഘടനയുടെ അടിസ്ഥാന അവകാശമായി അവകാശപ്പെടാനാകാത്ത മേഖലയാണെന്ന സർക്കാരിന്റെ വാദവും കോടതി തള്ളി. മദ്യവ്യാപാരം നിയന്ത്രിക്കുന്നതിനുള്ള അധികാരം സർക്കാരിനുണ്ടെങ്കിലും അതിന്റെ പേരിൽ യോഗ്യതയുള്ള വ്യക്തികൾക്ക് തൊഴിൽ ലഭിക്കുന്നത് തടയാനാവില്ല. മദ്യത്തിന്റെ നിർമ്മാണം, വിൽപ്പന, കയറ്റുമതി, ഇറക്കുമതി തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തൊഴിൽ മേഖലയിലേക്കും വ്യാപിപ്പിക്കാനാവില്ലെന്ന സുപ്രീംകോടതി നിലപാടും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തുടർന്നാണ് 2002-ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചത്. വിവാദ ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ഷാപ്പ് ലൈസൻസിക്ക് നൽകിയ ലൈസൻസിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ത്രീകളുടെ തൊഴിൽ വിലക്കുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. സോഫിയുടെ നിയമനാവശ്യം പരിഗണിക്കാൻ നിർദേശിച്ച് സോഫിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. 

ENGLISH SUMMARY:

The Kerala High Court has declared Rule 7(37) of the Kerala Abkari Shops Disposal Rules 2002 unconstitutional, ending the absolute ban on women working in toddy shops. Justice P. Gopinath ruled that denying women employment opportunities under the guise of safety violates fundamental rights to equality, non-discrimination, and occupational freedom. The judgment came on a petition filed by Sophy, whose request for compassionate appointment at a Thrissur toddy shop following her husband's death was previously rejected.