Video Screen Grab (File)

  • റിയാദ്, ദമ്മാം വിമാനത്താവളങ്ങളും അരാംകോയുടെ അബ്‌ഖൈഖ്, റസ് തനൂറ എണ്ണ ശുദ്ധീകരണശാലകളും ഉൾപ്പെടെ ആറ് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു.

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം. റിയാദ്, ദമാം വിമാനത്താവളങ്ങളും റിഫൈനറികളും അടക്കം ആറു കേന്ദ്രങ്ങള്‍ ആക്രമിച്ചെന്നാണ് ഹൂതികള്‍ അവകാശപ്പെടുന്നത്. സൗദിയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങൾ മുതൽ റിയാദും തെക്കൻ പ്രദേശമായ നജ്‌റാനും വരെയുള്ള സുപ്രധാന വാണിജ്യ-സൈനിക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടതായി ഹൂതി വക്താവ് യഹ്‌യ സരി എക്സിൽ കുറിച്ചു. അബ്‌ഖായിക്കിൽ അരാംകോ റിഫൈനറിയിലും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ മിസൈല്‍ പ്രയോഗിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടു. 

റസ് തനൂറയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ബാലിസ്റ്റിക് മിസൈലാക്രമണമാണ് നടന്നത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഒന്നിലധികം മിസൈലുകള്‍ പ്രയോഗിച്ചു. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോണാക്രമണമാണ് നടത്തിയത്. റാബിഗിലെ എണ്ണ ശുദ്ധീകരണശാലയും നജ്‌റാനിലെ സൈനിക ആസ്ഥാനവുമാണ് ഹൂതികള്‍ ആക്രമിച്ചത്. .

സൗദി– ഇറാന്‍ മുതിർന്ന ഉദ്യോഗസ്ഥര്‍ ടെഹ്റാനില്‍ കൂടിക്കാഴ്ച നടത്തി മേഖലയിലെ ഭിന്നതകൾ ചർച്ചയിലൂടെ പരിഹരിക്കാൻ തീരുമാനത്തിലെത്തിയിരുന്നു. സൗദിയെ കൂടാതെ തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ഉന്നതതല പ്രതിനിധികളെ അയച്ചിരുന്നു. എന്നാൽ അനുകൂലമായ പ്രസ്താവനകൾ ഉണ്ടായിരുന്നിട്ടും ഹൂതികള്‍ സൗദി അറേബ്യയ്ക്കും യെമനിലെ സൗദി അനുകൂല സേനയ്ക്കും നേരെ ആക്രമണം തുടരുകയാണ്. 

അതേസമയം, യമനിലെ പടിഞ്ഞാറൻ തായിസ് പ്രവിശ്യയില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി ഹൂതികള്‍ പറഞ്ഞു. മഖ്ബാന ജില്ലയിലെ രണ്ടു വീടുകളെയാണ് സൗദി ലക്ഷ്യമിട്ടതെന്നും 12 പേര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഹൂതി ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രസ്താവന. അതേസമയം സംഘര്‍ഷം ആരംഭിച്ച ശേഷം യെമനിൽ 1,600-ലധികം ആളുകൾ കൊല്ലപ്പെടുകയും 275,000-ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. 

ബുധനാഴ്ച, സൗദി നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. പെട്രോള്‍ പമ്പിലും മാർക്കറ്റിലുമാണ് ആക്രമണം നടന്നതെന്ന് ഹൂതികൾ പറഞ്ഞു. അതേസമയം തിരിച്ചടിയായി യെമന്‍ സർക്കാറിനു സ്വാധീനമുള്ള അദൻ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു.

ENGLISH SUMMARY:

Yemen's Houthi rebels have claimed launching a series of coordinated drone and missile attacks targeting six strategic locations across Saudi Arabia. The targets reportedly included the King Khalid International Airport in Riyadh, King Fahd International Airport in Dammam, and key Aramco oil refineries in Abqaiq and Ras Tanura. Despite recent diplomatic engagements between Saudi Arabia and Iran aimed at resolving regional tensions through dialogue, Houthi forces have persistently continued their military strikes. In response, Saudi-led coalition airstrikes in Yemen's western Taiz province allegedly killed 12 people, further escalating the ongoing conflict.