നെടുമ്പാശേരി, ചേരാനെല്ലൂർ വാഹനാപകട കേസുകള്‍ ഇന്ന് വീണ്ടും കോടതിയുടെ പരിഗണനയില്‍. നെടുമ്പാശേരി കേസില്‍ കേസിലെ മുഖ്യപ്രതി സുഹൈൽ സജീവടക്കും 4 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാന്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ചേരാനെല്ലൂർ വാഹനാപകട മരണക്കേസിൽ വാഹനമോടിച്ച 17കാരന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയും കോടതിയുടെ പരിഗണനയിലെത്തും.
സുഹൈല്‍ സജീവടക്കം നാലു പ്രതികളെ വിട്ടു കിട്ടാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് രണ്ടു ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകുക. അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദ്യശ്യങ്ങളിലടക്കം വ്യക്തത വരുത്താനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയും എറണാകുളം ജില്ല കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ ബോസ്റ്റൽ സ്കൂളിൽ തുടരുകയാണ് 4 പേരും. ജാമ്യത്തിനായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കാൻ ഇരിക്കുമ്പോഴാണ് അന്വേഷണ സംഘം കൂടുതൽ തെളിവ് ശേഖരിച്ച് കേസിലെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്.
ചേരാനെല്ലൂർ വാഹനാപകട മരണക്കേസിൽ വാഹനമോടിച്ച പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ പതിനേഴുകാരന്റെ കുടുംബത്തിന്റെ വാദം കോടതി ഇന്ന് കേൾക്കും. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷന്റെ കുടുംബവും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. എങ്ങനെയാണ് വാഹനമോടിക്കാൻ പഠിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ അറിയാൻ പതിനേഴുകാരനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് പ്രോസിക്യൂഷൻ വാദം.
അതേസമയം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ആർ.നിശാന്തിനി ഇന്ന് ചുമതലയേക്കും. ചേരാനെല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ പൊലീസിനുണ്ടായ വീഴ്ചയെ തുടർന്ന് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്തു നിന്നു മാറ്റുകയായിരുന്നു. ആദ്യ ദക്ഷിണ മേഖല ഐ.ജിയായിരുന്ന ആർ. നിശാന്തിനി കൊച്ചി സിറ്റി പൊലീസിന്റെ ആദ്യ വനിത കമ്മീഷണറായാണ് ചുമതലയേക്കുന്നത്.