കൊച്ചി കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിനുള്ളിലെ ഊഞ്ഞാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ വാഴക്കുളം സ്വദേശി ഫർഹാനാണ് (21) മരിച്ചത്. പുലർച്ചെ ഒരു മണിയോടെ ഇയാളുടെ പെൺ സുഹൃത്താണ് മൃതദേഹം കണ്ടത്. രാത്രി 12 മണിയോടെ പെൺസുഹൃത്തിനൊപ്പം യുവാവ് ഗ്രൗണ്ടിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും അതിനുശേഷം യുവാവ് ഊഞ്ഞാലിന്റെ ചെയിനിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക നിഗമനം. പാർക്കിന് സമീപം താമസിക്കുന്ന പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും കടവന്ത്ര പൊലീസും സ്ഥലത്തെത്തി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.