തമിഴ്നാട് നിയമസഭയില്‍ മാപ്പു പറഞ്ഞ് മുഖ്യമന്ത്രി വിജയ്. മന്ത്രിമാരിലൊരാള്‍ കലൈഞ്ജര്‍ കരുണാനിധിയുടെ പേര് ബഹുമാനസൂചകങ്ങളില്ലാതെ പറഞ്ഞതിനെ തുടര്‍ന്നാണ് വിജയ് മാപ്പ് പറഞ്ഞത്. ടിവികെ മന്ത്രിസഭയിലെ വനംമന്ത്രി ആര്‍.വി.രഞ്ജിത് കുമാറാണ് സഭയില്‍ സംസാരിക്കുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയായ കരുണാനിധിയുടെ പേര് മുന്‍ മുഖ്യമന്ത്രിയെന്നോ കലൈഞ്ജരെന്നോ ചേര്‍ക്കാതെ ഉച്ചരിച്ചത്. ഇതോടെ ഡിഎംകെ സഭയില്‍ പ്രതിഷേധം ഉയര്‍ത്തി. സ്ഥിതി വഷളാകുമെന്ന് തോന്നിയ വിജയ് അടുത്ത നിമിഷം എഴുന്നേറ്റ് മാപ്പ് പറയുകയായിരുന്നു. ' ആ പറഞ്ഞത് തെറ്റാണ്. അദ്ദേഹത്തിന് വേണ്ടി ഞാന്‍ മാപ്പ് പറയുന്നു' എന്നായിരുന്നു വിജയുടെ വാക്കുകള്‍.
ആരോഗ്യ–റവന്യൂ വകുപ്പുകള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മന്ത്രി രഞ്ജിത് സംസാരിക്കവേയാണ് വിവാദ പരാമര്‍ശമുണ്ടായത്. സംസ്ഥാനത്ത് മുന്‍പ് വോട്ടിന് പണം നല്‍കുന്ന രീതി ചിലര്‍ തുടര്‍ന്നിരുന്നുവെന്നും തന്റെ മണ്ഡലമായ കാഞ്ചീപുരത്ത് വോട്ടൊന്നിന് 1500 വച്ച് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി രഞ്ജിത് സഭയില്‍ ആരോപിച്ചു. അങ്ങനെ പണം നല്‍കി ജനങ്ങളെ സ്വാധീനിക്കാത്ത സര്‍ക്കാരാണ് ടിവികെയുടേതെന്നും മന്ത്രി അവകാശപ്പെട്ടു. മന്ത്രിയുടെ വാക്കുകള്‍ അനാദരവാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ മന്ത്രി കെ.കെ.എസ്.എസ്.ആര്‍.രാമചന്ദ്രന്‍ എതിര്‍പ്പുന്നയിച്ചു. മുന്‍മുഖ്യമന്ത്രിമാരടക്കമുള്ളവരെ കുറിച്ച് സഭയില്‍ സംസാരിക്കുമ്പോള്‍ ചട്ടം പാലിക്കണമെന്നും ആദരവോടെ വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതോടെ മന്ത്രിയുടെ പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി വിജയ് ഇടപെട്ടു. മാപ്പ് പറഞ്ഞതോടെ സഭ ശാന്തമാകുകയും ചെയ്തു.
സഭയില്‍ വിജയ് മാപ്പ് പറയുന്നതിന്‍റെ വിഡിയോ അതിവേഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞയുടന്‍ തിരുത്താന്‍ തയറായത് സ്വഭാവ മഹിമയാണെന്നും ഗുരുത്വമാണെന്നും ആളുകള്‍ കുറിച്ചു. രാഷ്ട്രീയത്തില്‍ മാപ്പുപറച്ചില്‍ അത്ര സാധാരണമല്ലെന്നും ഈഗോ ലേശമില്ലാതെ തുടരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നവരും കുറവല്ല.