Image: XAccount/RubyPearl0404
വിജയ്യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കാണാൻ അമ്മ സംഗീത എത്തി. ജേസൺ സഞ്ജയ്ക്കും സഹോദരി സാഷയ്ക്കും ഒപ്പമാണ് സംഗീത ചെന്നൈയിലെ തിയറ്ററിൽ എത്തിയത്. മൂവരും ഒന്നിച്ച് സിനിമ കാണാൻ എത്തിയതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
സന്ദീപ് കിഷനെ നായകനാക്കി ജേസൺ സഞ്ജയ് സംവിധാനം ചെയ്ത സിഗ്മ എന്ന ചിത്രം തിയറ്ററുകളിൽ ഇന്ന് പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. 25ാം വയസിലാണ് സംവിധായകനായുള്ള ജേസന്‍റെ അരങ്ങേറ്റം. മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്‌ഷൻ ത്രില്ലറാണ് ‘സിഗ്മ’ എന്നാണ് റിപ്പോർട്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.
ഇൻഡസ്ട്രിയിൽ തന്‍റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണെന്ന് ജേസൺ തന്‍റെ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പറഞ്ഞിരുന്നു. തന്‍റെ കുടുംബം കാലങ്ങളായി നിർമ്മിച്ചെടുത്ത ലെഗസി ഉണ്ട്. അതുതനിക്ക് എന്നും മുതൽകൂട്ടായിരിക്കും. പ്രദര്‍ശനം തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞാൽ പ്രേക്ഷകര്‍ ഈ സിനിമയെ സിനിമയായി കാണുമെന്നും മറ്റു ഘടകങ്ങൾ ഒന്നും ഏശില്ലെന്നും ജേസണ്‍ പറഞ്ഞു.
എപ്പോഴും തങ്ങളെ വിമർശിക്കാൻ ആളുകള്‍ ഉണ്ടാകുമെന്നും അതുകൊണ്ടുതന്നെ കുടുംബത്തിന്‍റെ സൽപ്പേരിന് കളങ്കം വരുത്തുന്നതൊന്നും ചെയ്യുന്നില്ലെന്ന് താൻ ഉറപ്പാക്കും. തന്‍റെ പിതാവ് ഈ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണെന്നുള്ള ബോധ്യം തനിക്കുണ്ടെന്നും ആരെയും വേദനിപ്പിക്കുന്ന ഒന്നുംതന്നെ താൻ ചെയ്യില്ലെന്നും ആയിരുന്നു ജേസണിന്‍റെ വാക്കുകൾ.