Image: PTI, Video
ലോറി കാറിലിടിച്ച് പാലത്തിലുടനീളം വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭുവനേശ്വറിലെ പളസുനി പാലത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. കാറിലുണ്ടായിരുന്ന അച്ഛനും മകളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പാലത്തില്‍ നിന്നുള്ള ഭീകരദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഒരു വലിയ ട്രക്ക് കാറിലിടിച്ച ശേഷം പാലത്തിലുടനീളം നിരക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാറിന്റെ പുറകുവശത്തുനിന്നാണ് ട്രക്ക് വന്നിടിക്കുന്നത്. ഇടിച്ചയുടന്‍ ട്രക്ക് നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.
പിറകെ വന്ന യാത്രക്കാരാണ് വിഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയകളില്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തത്. കാറിലുണ്ടായിരുന്ന അച്ഛനും മകളും ഭാഗ്യംകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ഇരുവര്‍ക്കും ഗുരുതരമായ പരുക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രാത്രികാലങ്ങളിലെ യാത്രകളെക്കുറിച്ചും ഗതാഗത നിയമങ്ങളെക്കുറിച്ചും വലിയ തോതിലുളള ചര്‍ച്ചകളും ആശങ്കകളുമാണ് ഈ വിഡിയോക്ക് താഴെ നിറയുന്നത്.
വിഡിയോ പുറത്തുവന്നതിനു പിന്നാെല പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവറെ പിടികൂടിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പ്രചരിച്ച വിഡിയോയും ഉള്‍പ്പെടെ പരിശോധിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.