ഒഡീഷയിലെ സർക്കാർ സ്‌കൂളുകൾക്ക് വേണ്ടിയുള്ള പാഠപുസ്തകങ്ങളിൽ കണ്ടെത്തിയത് 1600 ലധികം തെറ്റുകൾ. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളിൽ അക്ഷരത്തെറ്റുകൾ, പ്രമുഖ വ്യക്തികളുടെ പേരുകളിലെ തെറ്റുകൾ, ചിത്രങ്ങളിലെ പിശകുകൾ ഉൾപ്പെടെ 1678 തെറ്റുകളാണ് കണ്ടെത്തിയിരിക്കുന്നത്.
കർണാടക നിയമസഭയുടെ ചിത്രം കാണിച്ച് ഒഡീഷാ നിയമസഭയെന്നും ഹംപിയിലെ ക്ഷേത്രസമുച്ചയം കാണിച്ച് അത് കൊണാർക്കിലെ സൂര്യക്ഷേത്രമാണെന്നും പുസ്‌തകത്തിൽ പറയുന്നു. ഒഡീഷയിലെ നിയംഗിരി മലനിരകൾ ജാർഖണ്ഡിലാണ് എന്നും പുസ്തകത്തിൽ കാണാം. ഗഞ്ജം ജില്ലയിലെ നഗരമായ ബെർഹാംപുറിനെ ജില്ലയായാണ് കാണിച്ചിരിക്കുന്നത്.
ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളിലാണ് തെറ്റുകളുള്ളത്. 1678 തെറ്റുകളിൽ 705 എണ്ണവും എട്ടാം ക്ലാസ് പുസ്‌തകങ്ങളിലാണ്. ഭൗതികശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടൺ മഹാനായ പൈലറ്റാണ് എന്നാണ് പാഠപുസ്‌തകം പറയുന്നത്. ഇക്വിനോക്സ് അഥവാ വിഷുവത്തെ ഇക്വേറ്റർ അഥവാ ഭൂമധ്യരേഖ എന്നാണ് പാഠപുസ്‌തകത്തിലുള്ളത്. താപനിലയെ തെറ്റായി മർദം എന്നാണ് രേഖപ്പെടുത്തിയിട്ടുണ്ട്.
പുസ്‌തകങ്ങൾ സ്കൂളുകളിലെത്തിയതിന് പിന്നാലെ അധ്യാപകർ വ്യാപകമായി തെറ്റുകൾ ചൂണ്ടിക്കാട്ടുകയായിരുന്നു. ഡയറക്‌ടറേറ്റ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റേയും എസ്‌സിഇആർടിയുടേയും മേൽനോട്ടത്തിലാണ് പാഠപുസ്‌തകങ്ങൾ തയ്യാറാക്കിയത്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി ഉത്തരവിട്ടു. ഉത്തരവാദികളെ കണ്ടെത്തി കർശന നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിർദേശിച്ചത്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.