Image Credit: x/ani
തടങ്കല്‍പാളയങ്ങളിലേക്ക് മാറ്റുമെന്ന ഭീതിയെ തുടര്‍ന്ന് തിരിച്ചറിയല്‍ രേഖകളില്ലാതെ ബംഗാളില്‍ കഴിഞ്ഞിരുന്നവര്‍ കൂട്ടത്തോടെ അതിര്‍ത്തി കടക്കുന്നത് തുടരുന്നു. നോര്‍ത്ത് 24 പര്‍ഗാനാസില്‍ നിന്നും ബംഗ്ലദേശിലേക്ക് പോയ ജനങ്ങള്‍ ആധാര്‍ കാര്‍ഡുകള്‍ അതിര്‍ത്തിയില്‍ ഉപേക്ഷിച്ചു പോകുന്നുവെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഗുകളും ബ്ലാങ്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമെന്നിങ്ങനെ കയ്യില്‍ കൊള്ളാവുന്നതെല്ലാം വാരിപ്പെറുക്കിയാണ് സ്ത്രീകളും കുട്ടികളും പുരുഷന്‍മാരുമടങ്ങുന്ന സംഘം അതിര്‍ത്തിയിലേക്ക് നീങ്ങുന്നത്.
ഹക്കിംപുര്‍ അതിര്‍ത്തിയിലെ ഔട്ട്പോസ്റ്റില്‍ ഇത്തരത്തില്‍ എത്തിച്ചേരുന്നവര്‍ക്കായി പൊലീസ് റജിസ്ട്രേഷന്‍ ഡസ്ക് തുറന്നിട്ടുണ്ട്. ഇവരുടെ കൈവശമുള്ള ബംഗ്ലദേശി രേഖകള്‍ പരിശോധിച്ച ശേഷമാകും ഹോള്‍ഡിങ് സെന്‍ററുകളിലേക്ക് മാറ്റുന്നതും അവിടെ നിന്ന് ബംഗ്ലദേശ് സൈന്യത്തിനും കൈമാറുക. തിങ്കള്‍ മുതല്‍ ഇതുവരെ ബംഗ്ലദേശ് പൗരന്‍മാരെന്ന് രേഖകളുള്ള 350 പേര്‍ എത്തിച്ചേര്‍ന്നതായാണ് പൊലീസിന്‍റെ കണക്ക്. കൊല്‍ക്കത്ത ന്യൂ ടൗണ്‍, ഹടിയാര, ഖര്‍ദ, ദംദം, ഡാന്‍കുനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് അറുപതോളം പേര്‍ അതിര്‍ത്തിയില്‍ ഇന്നലെ എത്തിയെന്നും അധികൃതര്‍ പറയുന്നു.
ഇടനിലക്കാര്‍ വഴിയാണ് തൊഴില്‍ തേടി ഇന്ത്യയില്‍ എത്തിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഇന്ത്യയിലേക്ക് കടക്കുന്നതിനായി പതിനായിരം രൂപ വരെ ഏജന്‍റുമാര്‍ക്ക് നല്‍കിയെന്നും എന്നാലിപ്പോള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയായതിനാല്‍ മടങ്ങിപ്പോകുകയാണെന്നുമാണ് ബംഗ്ലദേശികളിലൊരാളുടെ വിശദീകരണം.
സുവേന്ദു അധികാരി അധികാരമേറ്റതിന് പിന്നാലെ പൊലീസ് പരിശോധന സ്ഥിരമായെന്നും രേഖകള്‍ ആവശ്യപ്പെട്ട് നിരന്തരം സ്റ്റേഷനിലേക്ക് അടക്കം വിളിപ്പിക്കാറുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി. അനധികൃത കുടിയേറ്റക്കാര്‍ എത്രയും വേഗം ഇന്ത്യ വിടണമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ മറ്റ് നടപടികളിലേക്ക് നീങ്ങുമെന്നുമായിരുന്നു സുവേന്ദു അധികാരിയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ തെന്‍തുലിയയിലും മറ്റ് രണ്ടിടങ്ങളിലും താല്‍കാലിക ഹോള്‍ഡിങ് സെന്‍ററുകള്‍ ഉയര്‍ന്നു. 116 ബംഗ്ലദേശികളെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ടെന്നും ബംഗ്ലദേശിലേക്ക് പോകുന്നത് വരെ ഇവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും സുരക്ഷയും ഒരുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അനധികൃത കുടിയേറ്റക്കാര്‍ സ്വയം മടങ്ങിപ്പോകണമെന്നും തടങ്കല്‍ കേന്ദ്രങ്ങളിലാക്കി ഭക്ഷണവും വെള്ളവും മരുന്നും നല്‍കി പോറ്റാന്‍ സര്‍ക്കാരിന് ക്ഷമയുണ്ടാകില്ലെന്നും കടുത്ത നടപടിയുണ്ടാകുമെന്നും സുവേന്ദു മുന്നറിയിപ്പ് നല്‍കിയിരുന്നു.