11 വയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി എന്ന സംശയത്താല്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് നിരപരാധിയെ ആയിരുന്നെന്ന് പൊലീസ്. കൊൽക്കത്തയുടെ പ്രാന്തപ്രദേശമായ ബരുയിപ്പൂരിൽ ആള്‍ക്കൂട്ടമര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട ഇന്ദ്രജിത്ത് മണ്ഡൽ എന്ന യുവാവാണ് കേസില്‍ നിരപരാധിയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്തു അധികാരി ഇന്ദ്രജിത്ത് മണ്ഡലിന്റെ കുടുംബാംഗങ്ങളെ കാണുകയും നീതി ഉറപ്പുനൽകുകയും ചെയ്തു.
‘ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദ്രജിത്ത് മണ്ഡൽ നിരപരാധിയാണ്. പൊലീസ് പറഞ്ഞ കാര്യമാണിത്, എന്റെ വാക്കുകളല്ല. അയാൾക്ക് നീതി ലഭിക്കും. ഞാൻ കുടുംബാംഗങ്ങളെ നേരത്തെ കണ്ടിരുന്നു’ - എന്ന് മുഖ്യമന്ത്രി സുവേന്തു അധികാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മണ്ഡലിന്‍റെ കൊലപാതകത്തിൽ ഉൾപ്പെട്ടവർക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അക്രമം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികാരി വ്യക്തമാക്കി. പ്രതിഷേധത്തിനിടെ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി
സന്ദർശിക്കുകയും എല്ലാവിധ സഹായവും ഉറപ്പുനൽകുകയും ചെയ്തു. ഞായറാഴ്ച പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് മേഖലയില്‍ വ്യാപകമായ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകൾ റെയിൽവേ ട്രാക്കുകളും പൊലീസ് വാഹനങ്ങളും തകർത്തു. ഈ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ദ്രജിത്ത് മണ്ഡലിനെ തല്ലിക്കൊന്നതിലും ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ ബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാഷ് മണ്ഡൽ, ആനന്ദ സർദാർ, ദിവാകർ സർദാർ എന്നിവർ കുറ്റം സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടലിൽ പ്രവാഷ് മണ്ഡൽ കൊല്ലപ്പെട്ടു. നാലാമത്തെ പ്രതി കബീർ മൊല്ലയെ ഇന്നലെ പിടികൂടി.പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചു. തലയിലേറ്റ ഗുരുതരമായ പരുക്കുകൾ, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകൾ, ശരീരത്തിലുടനീളം കടിയേറ്റതിന്റെയും മാന്തിപ്പൊളിച്ചതിന്റെയും പാടുകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന്‍റെ പുരോഗതിയിൽ പെൺകുട്ടിയുടെ കുടുംബം തൃപ്തരാണെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി സിദ്ധ് നാഥ് ഗുപ്തയോട് അദ്ദേഹം നിർദ്ദേശിച്ചു. പ്രതിപക്ഷത്തിന്റെ പേര് പറയാതെ,അക്രമത്തിന് പ്രേരിപ്പിച്ചവരെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ പ്രേരിപ്പിച്ചവരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.