യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ കുറ്റപത്രത്തില്‍ പഞ്ചാബിലെ എസ്എച്ച്ഒയും. വ്യാജ കൊലക്കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി യുഎസിലെ പഞ്ചാബി വേരുകളുള്ള കുടുംബത്തില്‍നിന്ന് ഇയാള്‍ കോടികള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

എഫ്ബിഐയുടെ കുറ്റപത്രത്തില്‍ പഞ്ചാബ് പൊലീസിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഗുരീന്ദർജിത് സിങ് നഗ്രയുടെ പേര് ഉൾപ്പെട്ടത് വലിയ വിവാദമാകുന്നു. യുഎസിലെ ലൊസാഞ്ചലസില്‍ താമസിക്കുന്ന ഇന്ത്യൻ വംശജരുടെ ഇന്ത്യയിലുള്ള ബന്ധുക്കളെ വ്യാജ കൊലക്കേസിൽ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്. നാല് ലക്ഷം ഡോളർ (മൂന്ന് കോടിയിലേറെ രൂപ) തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനെതിരായ ആരോപണം. എഫ്ബിഐ ചാര്‍ജ് പ്രകാരം കുപ്രസിദ്ധ ഗുണ്ടാനേതാവ് ജഗ്ഗു ഭഗവാൻപുരിയയുടെ സംഘത്തിനുവേണ്ടിയാണ് SHO പ്രവർത്തിച്ചതെന്നാണ് ആരോപണം. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും ജഗ്ഗു ഭഗവാൻപുരിയയുടെ പേര് പറഞ്ഞ് കേട്ടിരുന്നു.

നിലവില്‍ ഹോഷിയാര്‍പൂര്‍ ജില്ലയിലാണ് എസ്എച്ച്ഒ ഗുരീന്ദർജിത് സിങ് നഗ്രയെ വിന്യസിച്ചിരുന്നത്. എഫ്ബിഐ കുറ്റം ചാര്‍ത്തിയതോടെ ഇയാളെ എസ്എച്ച്ഒ സ്ഥാനത്തുനിന്ന് മാറ്റി. പൊലീസ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. എഫ്ബിഐ നടത്തിയ അന്വേഷണത്തില്‍ ഇന്ത്യന്‍ വേരുകളുള്ള 37 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട കുറ്റപത്രത്തില്‍ അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥരെയും ഗുണ്ടാസംഘങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിലെ പ്രധാനിയെന്നാണ് ഗുരീന്ദർജിത് സിങ് നഗ്രയെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ലോറന്‍സ് ബിഷ്ണോയിയുമായും ഗോള്‍ഡി ബ്രാറുമായും അടുത്ത ബന്ധമുള്ള ഗുണ്ടാനേതാവാണ് ജഗ്ഗു ഭഗവാൻപുരിയ. ഇയാളുടെ പഞ്ചാബിലെ വിശ്വസ്തനാണ് പൊലീസുകാരാനായ ഗുരീന്ദർജിത് സിങ് നഗ്രയെന്നാണ് സംശയിക്കുന്നത്.

ഗുരീന്ദർജിത് സിങ് നഗ്രയെ കൈമാറണമെന്ന് യുഎസ് ആവശ്യപ്പെടാനുള്ള സാധ്യതയേറെയാണ്. ഇതിനുള്ള നടപടികള്‍ യുഎസ് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. യുഎസ് ആവശ്യം ഇന്ത്യ അംഗീകരിക്കുമോ, ഇല്ലയോ എന്നതും പ്രധാനമാണ്. സുരക്ഷാ പ്രശ്നം കാരണം അസമിലെ സില്‍ച്ചാറിലുള്ള സെന്‍ട്രല്‍ ജയിലിലാണ് ജഗ്ഗു ഭഗവാൻപുരിയയെ പാര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷാഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അസമിലെ ജയിലിലേക്ക് മാറ്റിയത്. ജയിലിലായിരിക്കുമ്പോഴും രാജ്യത്തിനകത്തും പുറത്തും കൊലയാളിപ്പടകളെ അയയ്ക്കാന്‍ ശേഷിയുള്ളവരാണ് ലോറന്‍സ് ബിഷ്ണോയിയും ജഗ്ഗു ഭഗവാൻപുരിയയും. ഇനിയും പിടികിട്ടാപ്പുള്ളിയായി തുടരുന്ന ഗോള്‍ഡി ബ്രാറിനായി യുഎസിലും കാനഡയിലും അന്വേഷണം നടക്കുന്നുണ്ടെങ്കിലും എവിടെയെന്ന് അറിയില്ല.

ENGLISH SUMMARY:

FBI charges Punjab SHO Gurinderjit Singh Nagra in a major cross-border crime racket involving extortion and fake murder charges against an Indian-origin family in the US. The case highlights deep connections between corrupt police officials and notorious gangster networks.