എക്സില്‍ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം. ബംഗ്ലാദേശില്‍ നടന്ന സംഭവം കേരളത്തില്‍ നടന്നതെന്ന വ്യാജേനയാണ് ചില പേജുകളില്‍ പ്രചരിക്കുന്നത്. വര്‍ഷങ്ങളായി തങ്ങളെ പീഡിപ്പിച്ചുകൊണ്ടിരുന്ന അച്ഛന്‍റെ ലിംഗം മൂന്ന് പെണ്‍മക്കള്‍ ഛേദിച്ച സംഭവം കേരളത്തില്‍ നടന്നുവെന്ന രീതിയിലാണ് പ്രചരിക്കുന്നത്. ഈ ട്വീറ്റില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുമുണ്ട്. 

എന്നാല്‍ വ്യാജപ്രചരണത്തെ പൊളിച്ചടുക്കുകയാണ് മാധ്യമപ്രവര്‍ത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈര്‍. വിഡിയോ ബംഗ്ലാദേശിലേതാണെന്നും കേരളത്തില്‍ നിന്നുള്ളതല്ലെന്നും വ്യാജപ്രചരണം ഉള്‍പ്പെടുന്ന വിഡിയോ പങ്കുവച്ച് സുബൈര്‍ കുറിച്ചു. 

'ബംഗ്ലാദേശിൽ നിന്നുള്ള ഒരു ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റിയതായി ആരോപിക്കപ്പെടുന്ന വിഡിയോ, കേരളത്തിലെ ഒരു പിതാവിനെ പെൺമക്കൾ ആക്രമിക്കുന്നതായി കാണിക്കുന്ന തരത്തിൽ തെറ്റായി പങ്കുവക്കപ്പെടുകയാണ്. ഈ വിഡിയോ കേരളത്തിൽ നിന്നുള്ളതല്ല, വൈറലായ ലൈംഗിക പീഡന വിവരം തെറ്റാണ്,' സുബൈര്‍ കുറിച്ചു. 

ബംഗ്ലദേശിലെ ഫരീദാബാദ് സ്വദേശി ഹനീഫിനെയാണ് ആദ്യഭാര്യ സുമിയ ആക്രമിച്ചത്. മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് സുമിയ ഭര്‍ത്താവിന്‍റെ ലിംഗം മുറിച്ചെടുക്കുകയായിരുന്നു. ഹനീഫിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഹനീഫിന്‍റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലാക്കിയത്. ഹനീഫ് ഉറക്കെ കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഓടുന്നതിന്‍റെയും നാട്ടുകാര്‍ ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ENGLISH SUMMARY:

Journalist Mohammed Zubair has debunked fake news circulating online that misrepresents an incident from Bangladesh as having occurred in Kerala. This false propaganda falsely claims a father was attacked by his daughters, when in reality, the video shows a wife attacking her husband in Bangladesh.