Bangladeshi migrants who had allegedly illegally crossed border, arrive for verification near the Indian Border Security Force (BSF) camp on the outskirts of Kolkata on May 28, 2026. (Photo by Dibyangshu SARKAR / AFP)

തടങ്കലിലാക്കപ്പെടുമെന്ന ഭയത്തിനിടെ ബംഗാളില്‍ നിന്നും നൂറുകണക്കിന് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണ് ദിവസും രാജ്യവിടാന്‍ ശ്രമിക്കുന്നത്. അതിര്‍ത്തിയിലെ ട്രാൻസിറ്റ് ടെർമിനലുകളിലേക്ക് എത്തുന്നവര്‍ പലരും വര്‍ഷങ്ങളായി ഇന്ത്യയില്‍ തുടരുന്നവരാണ്. പണം വാങ്ങി ഇന്ത്യയിലെത്തിക്കാന്‍ ഇടനിലക്കാരുണ്ടെന്നും തൃണമൂല്‍ സര്‍ക്കാറിന്‍റെ കാലത്ത് രേഖകളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു എന്നും പറയുകയാണ് മടങ്ങി പോകുന്ന ബംഗ്ലാദേശികള്‍. 

ബംഗ്ലാദേശിലെ കുഷ്തിയ ജില്ലയില്‍ നിന്നും ബംഗാളിലെത്തിയ മരപ്പണിക്കാരന്‍ 8000 രൂപയാണ് ഇടനിലക്കാരന് നല്‍കിയത്. അതിർത്തിയിൽ സൈന്യം ഉണ്ടായിരുന്നിട്ടും ഏജന്റിന് 20,000 രൂപ നൽകിയ ശേഷം അതിർത്തി കടന്നതായി ബെംഗളൂരുവില്‍ കഴി​ഞ്ഞിരുന്ന മറ്റൊരു ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരൻ അവകാശപ്പെട്ടു. കുഷ്തിയയില്‍ നിന്നുള്ള മരപ്പണിക്കാരന്‍ സഹോദരങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയിലെത്തിയത്. സഹായിച്ചത് ഇടനിലക്കാര്‍. കേരളത്തില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ രേഖകളില്ലാത്തതിനാല്‍ തിരികെ മടങ്ങുകയാണ്. 

'ഞാൻ കേരളത്തിൽ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ വാടക മുറിക്ക് പോലും ആധാറും തിരിച്ചറിയല്‍ കാര്‍ഡും ആവശ്യപ്പെടുന്നുണ്ട്. എന്‍റെ കയ്യില്‍ രേഖകളില്ല' എന്നാണ് ഇയാള്‍ പ്രാദേശിക യൂട്യൂബ് ചാനലിനോട് പറഞ്ഞത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ വലിയ തോതിലുള്ള പരിശോധനകളും നിരീക്ഷണങ്ങളും കഴിഞ്ഞ ആഴ്ചകളില്‍ തുടരുകയാണ്. അതിനാല്‍ തടങ്കലിലാക്കുമെന്ന ഭയത്തില്‍ പലരും സ്വമേധയ ബംഗ്ലാദേശിലേക്ക് മടങ്ങുകയാണ്. സ്വയം മടങ്ങുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കില്ലെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറ​ഞ്ഞു. 

ഇടനിലക്കാർക്ക് സുരക്ഷാസേനയുടെ പട്രോളിംഗില്ലാത്ത സമയം കണ്ടെത്താനായാല്‍ വെറും 10 മിനിറ്റിനുള്ളിൽ ഇന്ത്യയിലേക്ക് കടക്കാമായിരുന്നു എന്നാണ് ഇത്തരത്തില്‍ ഇന്ത്യയിലെത്തിയ ഒരാള്‍ പറഞ്ഞത്. 'അഞ്ചു മുതല്‍ ആറു പേരടങ്ങുന്നതാണ് ഇടനിലക്കാരുടെ സംഘം. രാത്രിയില്‍ ഏതൊക്കെ പ്രദേശങ്ങളിലാണ് ബിഎസ്എഫ് സാന്നിധ്യമുള്ളതെന്നും ഗ്യാപ്പ് ഉള്ളത് എവിടെയാണെന്നുമാണ് ഇവര്‍ പരിശോധിക്കുന്നത്. സൈന്യമില്ലാത്ത വിടവുകളിലൂടെയാണ് കുടിയേറ്റം നടക്കുന്നത്. ചില സമയം അതിര്‍ത്തി കടക്കാന്‍ രാത്രി മുഴുവന്‍ കാത്തിരിക്കേണ്ടി വരും, ചിലപ്പോള്‍ 10 മിനുറ്റ് കൊണ്ട് അതിര്‍ത്തി കടക്കാം'. 

ഇന്ത്യയിൽ പ്രവേശിച്ചതിന് ശേഷം രേഖകളുണ്ടാക്കാന്‍ തൃണമൂൽ കോൺഗ്രസിലെ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ സഹായിച്ചതായി അനധികൃത ബംഗ്ലാദേശില്‍ നിന്നെത്തിയ സ്ത്രീ പറഞ്ഞു. മമതയുടെ പാർട്ടി അധികാരത്തിലിരുന്നപ്പോഴാണ് താന്‍ വോട്ടർ കാർഡും റേഷൻ കാർഡും ഉണ്ടാക്കിയതെന്നും പാര്‍ട്ടിക്കാര്‍ രേഖകൾ ലഭിക്കാൻ സഹായിച്ചെന്നുമാണ് ഇവരുടെ വാക്കുകള്‍. രണ്ട് മൂന്ന് വർഷത്തേളം സര്‍ക്കാര്‍ അനുകൂല്യം ലഭിച്ചതായും സ്ത്രീ പറഞ്ഞു. 'തൃണമൂല്‍ ഭരണകാലത്ത് ആരും ചോദ്യം ചെയ്തിരുന്നില്ല. സര്‍ക്കാര്‍ മാറിയതോടെ ആളുകള്‍ തങ്ങളുടെ പിന്നാലെയായി. ബംഗ്ലാദേശികളെ താമസിപ്പിച്ചാല്‍ തടവും പിഴയും ലഭിക്കുമെന്ന ഭയത്തിലാണ് വീട്ടുടമസ്ഥര്‍'

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് അഭയം നൽകരുതെന്നും അവരെ കോടതിയിൽ ഹാജരാക്കുന്നതിന് പകരം അതിർത്തിയിൽ വെച്ച് നേരിട്ട് ബി.എസ്.എഫിന് കൈമാറുമെന്നുമാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചത്. കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കണ്ടെത്തി റദ്ദ് ചെയ്യുകയാണ് സര്‍ക്കാര്‍.

ENGLISH SUMMARY:

Illegal Bangladeshi immigrants are attempting to leave India daily amidst fears of detention, with many having resided in India for years. They claim intermediaries facilitated their entry and that they received documents and government benefits during the Trinamool government's tenure.