ലഹരിക്കേസില്‍ അറസ്റ്റിലായ പ്രതി ധരിച്ചിരുന്ന ജഴ്സി എഐ ഉപയോഗിച്ച് തിരുത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ലഹരികടത്തുകാരനായ റസല്‍ ഹൗളഡർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ അര്‍ജന്റീനയുടെ ജഴ്സിയാണ് പ്രതി ധരിച്ചിരുന്നത്. ഇത് ബ്രസീല്‍ ജഴ്സിയാക്കി മാറ്റി പൊലീസിന്‍റെ ഔദ്യോഗിക വാട്സാപ്പ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ബംഗ്ലാദേശിലെ ബാരിഷാൽ മെട്രോപൊളിറ്റൻ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ തന്‍സില്‍ അഹമ്മദിനെതിരെയാണ് നടപടി.
ബരിഷാലിലെ മുഹമ്മദ്പൂർ കോളനിയില്‍ ലഹരിക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനു പിന്നാലെ തന്‍സില്‍ എഐ ടൂള്‍ ഉപയോഗിച്ച് പ്രതിയുടെ ജഴ്സി ബ്രസീലിന്‍റേതാക്കി മാറ്റുകയായിരുന്നു. പിന്നാലെ ചിത്രം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇ–മെയില്‍ വഴി അയച്ചുകൊടുത്തു. പിന്നീട് പൊലീസിന്‍റെ വാട്സാപ്പ് ഗ്രൂപ്പിലും പ്രചരിപ്പിച്ചു.
സംഭവത്തിന് പിന്നാലെ ചിത്രത്തിലെ എഡിറ്റിംഗ് ഫുട്ബോള്‍ ആരാധകര്‍ കണ്ടെത്തി. വിവാദമായതിന് പിന്നാലെ പൊലീസ് ചിത്രം പിന്‍വലിക്കുകയും യഥാര്‍ഥ ചിത്രം പങ്കുവെയ്ക്കുകയുമായിരുന്നു. വിവാദമായതിന് പിന്നാലെ തന്‍സില്‍ അഹമ്മദിന് നോട്ടീസ് നല്‍കുകയും വാട്സാപ്പ് ഗ്രൂപ്പിന്‍റെ ചുമതലയില്‍ നിന്നും നീക്കുകയും ചെയ്തു. മൂന്ന് ദിവസത്തിനുള്ളിൽ തന്‍റെ ഭാഗം വിശദീകരിക്കാൻ ഉദ്യോഗസ്ഥന് കമ്മീഷണർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ചിത്രം തിരുത്തിയത് തന്‍സില്‍ സമ്മതിച്ചിട്ടുണ്ട്. ബ്രസീലിന്‍റെ മല്‍സരങ്ങളെ പറ്റി ചൂടുള്ള ചര്‍ച്ച നടക്കുന്നതിനാല്‍ സംഭവത്തിന് നല്ല ശ്രദ്ധകിട്ടുമെന്നതിനു വേണ്ടിയാണ് പ്രതിയുടെ ജഴ്സി മാറ്റിയതെന്നും തന്‍സില്‍ പറഞ്ഞു.