Image Credit: x/pm

Image Credit: x/pm

നാസികിലെ ടാറ്റ കണ്‍സള്‍ട്ടന്‍റ്സി സര്‍വീസില്‍ വനിതാ ജീവനക്കാര്‍ അനുഭവിച്ചത് കൊടിയ ശാരീരിക–മാനസിക–പീഡനങ്ങളെന്ന് വെളിപ്പെടുത്തി കൂടുതല്‍ ജീവനക്കാരുടെ മൊഴി. സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നതിന് പിന്നാലെയാണ് അശ്ലീലച്ചുവ കലര്‍ന്ന ഇരട്ടപ്പേരിട്ട് തന്നെ സംബോധന ചെയ്യാന്‍ തുടങ്ങിയതെന്നും ശാരീരിക അതിക്രമം നടത്തിയതെന്നും യുവതി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം തൊഴിലിടത്തെ ലൈംഗികാതിക്രമ വിഷയത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ടിസിഎസിന്‍റെ പ്രതികരണം.

നാസികില്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിക്കവേ ടിസിഎസില്‍ ജോലിക്ക് പോയപ്പോഴുള്ള ദുരനുഭവമാണ് യുവതി വിവരിച്ചത്. വിവാഹം കഴിഞ്ഞതിനോടടുപ്പിച്ചായിരുന്നു ഇത്. ഭര്‍ത്താവ് തൊഴില്‍ സംബന്ധമായി പൂണെയിലുമായിരുന്നുവെന്നും കേട്ടാലറയ്ക്കുന്ന വാക്കുകളും പെരുമാറ്റവുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും യുവതി പറയുന്നു. 

'2025 ജൂണിലാണ് വിവാഹത്തിന് പിന്നാലെ ഞാന്‍ ടിസിഎസ് നാസിക് ബ്രാഞ്ചില്‍ അസോസിയേറ്റായി ചേര്‍ന്നത്. 2025 ജൂണ്‍ 24 മുതലാണ് മൂന്ന് മാസത്തെ ട്രെയിനിങ് ആരംഭിച്ചത്. ഷാറൂഖ് ഖുറേഷി, ജയേഷ് ഗുഞ്ചല്‍ െന്നിവരായിരുന്നു ട്രെയിനിങ് ലീഡ് ചെയ്തത്. ട്രെയിനിങിനിടെ റാസ റഫീഫ് മേമന്‍ എന്ന ലോണ്‍ ബ്രാഞ്ചിന്‍റെ ടീം ലീഡ് എത്തുകയും തീര്‍ത്തും സ്വകാര്യമായ കാര്യങ്ങള്‍ അന്വേഷിക്കാനും തുടങ്ങി. 'ഭര്‍ത്താവ് അടുത്തില്ലല്ലോ, എങ്ങനെ എല്ലാം മാനേജ് ചെയ്യുന്നു? പേടിയില്ലേ? എന്തെങ്കിലും വേണമെങ്കില്‍ പറഞ്ഞാല്‍ മതി. ഞാന്‍ എത്താം' എന്നെല്ലാം റാസ പറഞ്ഞുവെന്നും, 'ഹണിമൂണിന് എവിടെയാണ് പോകുന്നത്? എന്തെല്ലാം ചെയ്തു' എന്നും റാസ ചോദ്യം തുടര്‍ന്നുവെന്നും ഇതിന്‍റെ ചുവട് പിടിച്ച് തന്‍റെ ടീം ലീഡും മോശമായി പെരുമാറിയെന്നും 'ഭര്‍ത്താവുമായി കാര്യങ്ങള്‍ അത്ര സുഖത്തില്‍ അല്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ പഠിപ്പിച്ച് തരാമെന്നും കുറേ കാമുകന്‍മാര്‍ നിനക്ക് ഉണ്ടാകുമല്ലോ എന്ന് പറയുകയും ചെയ്തു'വെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കാമുകന്‍മാര്‍ നിന്നെ കൊണ്ടുനടന്നതെല്ലാം ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചുവെന്നും ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കിയെന്നും യുവതി പറയുന്നു. 

തന്നെ മീറ്റിങിനിടയില്‍ പോലും പ്ലേയര്‍ എന്നാണ് റാസ വിളിച്ചിരുന്നതെന്ന് യുവതി പറയുന്നു. ഒരിക്കല്‍ ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ പരിഹസിക്കുകയും അശ്ലീലം കലര്‍ത്തി സംസാരിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. 'ഭര്‍ത്താവെന്താണ് നാസികിലേക്ക് വരാത്തത്? നിന്നെ ഇവിടെ ഇട്ടിട്ട് എങ്ങനെയാണ് അയാള്‍ക്ക് അവിടെ കഴിയാന്‍ പറ്റുന്നത്, ഞാനിയിരുന്നുവെങ്കില്‍ കൂടെ ഇരുന്നേനെ' എന്ന് പറഞ്ഞുവെന്നും പരാതിയില്‍ വിശദീകരിക്കുന്നു. 

ഗുഡി പട്​വ ദിവസം തനിക്ക് നേരിട്ട ശാരീരിക അതിക്രമത്തെ കുറിച്ചും യുവതി തുറന്ന് പറയുന്നുണ്ട്. ' അന്ന് ഓഫിസില്‍ ഞാന്‍ സാരിയാണ് ഉടുത്ത് പോയത്. ലോബിയില്‍ നിന്ന് പാന്‍ട്രിയിലേക്ക് കയറിയപ്പോള്‍ സാരിയുടെ മുന്താണി എവിടെയോ ഉടക്കിയത് പോലെ തോന്നി. തിരിഞ്ഞ് നോക്കിയപ്പോള്‍ റാസയുടെ കയ്യിലാണ്. പിടിച്ച് തിരിച്ച് വലിച്ചെടുത്തു, വഷളന്‍ ചിരിയുമായാണ് റാസ നിന്നത്'- യുവതി പറയുന്നു. 

ട്രെയിനിങ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചതോടെ ആസിഫ് അന്‍സാരിയെന്ന മറ്റൊരു ജീവനക്കാരന്‍ നിരന്തരം തൊട്ടടുത്ത് വന്നിരിക്കുമെന്നും കൈയില്‍ കയറിപ്പിടിക്കുകയും, ഇരിക്കുന്നതിനിടെ തുടയില്‍ പിടിക്കുകയും, തോളില്‍ പിടിക്കുകയും ചെയ്യുമെന്നും ഇത് കടുത്ത പ്രയാസമുണ്ടാക്കിയെന്നും യുവതി പറയുന്നു. ഒരിക്കല്‍ തൊട്ടടുത്ത് വന്ന് അരക്കെട്ടിലൂടെ വലിച്ചടുപ്പിച്ച ശേഷം, 'സീറോ ഫിഗറാണല്ലോ' എന്ന് പറഞ്ഞുവെന്നും മറ്റൊരിക്കല്‍ പിന്നിലൂടെ വന്ന് കടന്ന് പിടിച്ചുവെന്നും വലിച്ചെറിഞ്ഞ് ഓടിപ്പോരുകയായിരുന്നുവെന്നും യുവതി പറയുന്നു. 'ഭര്‍ത്താവിന് ഭക്ഷണമുണ്ടാക്കി നല്‍കുന്നത് പോലെ തനിക്കും ഭക്ഷണം കൊണ്ടുവരണമെന്നും, വേണ്ട എല്ലാ ആവശ്യങ്ങളും താന്‍ നടത്തിത്തരാമെന്ന് പറഞ്ഞുവെന്നും' യുവതി പറയുന്നു. 

അതേസമയം, റാസയ്ക്കെതിരെ ഉയര്‍ന്നത് വ്യാജ പരാതിയാണെന്നും ഓഫിസ് പൊളിറ്റിക്സിന്‍റെ ഭാഗമാണെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. കമ്പനിയിലെ ഏറ്റവും മികച്ച ജീവനക്കാരനാണ് റാസയെന്നും വ്യാജ ലൈംഗിക പരാതിയിലൂടെ ഭാവി നശിപ്പിക്കാനുള്ള ശ്രമമാണിതെന്നും വീട്ടുകാര്‍ പറയുന്നു. ടിഎസിസിലെ പരാതികളില്‍ ഇതുവരെ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

A female employee at Tata Consultancy Services (TCS) Nasik branch has provided a disturbing testimony to the Special Investigation Team (SIT) regarding systemic sexual harassment and physical assault at the workplace. The victim detailed instances of verbal abuse by team leads Raza Memon and Jayesh Gunjal, including inappropriate comments about her personal life and marriage. She further alleged physical molestation by another employee, Asif Ansari, who reportedly touched her inappropriately and made lewd remarks. Despite the victim's harrowing account of her saree being pulled and being groped, TCS initially responded that no official complaints were filed. Currently, eight individuals have been taken into police custody as the investigation into the toxic work culture and safety of women at the Nasik office continues.