drama-teacher

സ്വയമെഴുതിയ നാടകത്തില്‍ പെണ്‍കുട്ടികളെ മാത്രം പങ്കെടുപ്പിക്കുകയും ചുംബിക്കുന്ന സീനുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തതിന് ലെസ്ബിയന്‍ ടീച്ചറെ പിരിച്ചുവിട്ട് സ്കൂള്‍. യുഎസ് കോളറാഡോയിലാണ് സംഭവം. 50കാരിയായ ഫ്രഞ്ച് അധ്യാപിക ജെന്നിഫര്‍ ഹോങ്കക്കെതിരെയാണ് കോളറാഡോ നോര്‍ത്ത് ഈസ്റ്റ് ഏര്‍ലി കോളജ് നടപടിയെടുത്തത്. വിദ്യാര്‍ഥികളുടെ പരാതിയിലാണ് നടപടി. ഫ്രഞ്ച് ഭാഷയും സംസ്കാരങ്ങളും പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ഹോങ്ക.

ഹോങ്ക സ്ഥിരമായി തന്‍റെ ക്ലാസില്‍ വിദ്യാര്‍ഥികളെ വച്ച് നാടകങ്ങള്‍ അഭിനയിപ്പിക്കുമായിരുന്നു. ഫ്രഞ്ചില്‍ താന്‍ രചിച്ച നാടകങ്ങള്‍ തന്നെയായിരുന്നു ഇവര്‍ ഇതിനായി തിരഞ്ഞെടുത്തിരുന്നത്. ഒരു വിദ്യാര്‍ഥിനി മറ്റൊരു അധ്യാപികയുമായി തങ്ങളുടെ നാടകത്തെക്കുറിച്ച് പങ്കുവച്ച വിവരങ്ങളില്‍ നിന്നാണ് വാര്‍ത്ത പുറംലോകമറിയുന്നത്. ഹോങ്കയുടെ നാടകത്തിലേക്ക് തന്നെ തിരഞ്ഞെടുത്തെന്നും നാടകത്തില്‍ തന്നെക്കൊണ്ട് മറ്റൊരു വിദ്യാര്‍ഥിനിയെ ചുംബിപ്പിച്ചെന്നും വിദ്യാര്‍ഥിനി പറഞ്ഞു. ഇത് തനിക്ക് വളരെ അലോസരമുണ്ടാക്കിയെന്നും വിദ്യാര്‍ഥിനി പറഞ്ഞിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി തുടര്‍ച്ചയായി ക്ലാസുകളില്‍ പങ്കെടുക്കാതെയായി. 

ഇതുകൂടാതെ ക്ലാസില്‍ പകുതിയും ആണ്‍കുട്ടികളായിട്ടും തന്‍റെ നാടകങ്ങളില്‍ പുരുഷ കഥാപാത്രങ്ങളായി ഹോങ്ക തിരഞ്ഞെടുത്തിരുന്നത് വിദ്യാര്‍ഥിനികളെ മാത്രമായിരുന്നെന്നും നാടകത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച കുട്ടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ടീച്ചര്‍ മാര്‍ക്ക് ചേര്‍ത്തില്ലെന്നും പരാതികളുയര്‍ന്നു. The Neighbour's Saw Everything (അയല്‍ക്കാര്‍ എല്ലാം കണ്ടു), The Boring Kiss (മടുപ്പന്‍ ചുംബനം) എന്നിവയായിരുന്നു ഹോങ്ക സ്വയം രചിച്ച നാടകങ്ങള്‍. ഇതില്‍ ദി ബോറിങ് കിസ്സില്‍ ഒരാള്‍ മൂന്ന് പേരെ ചുംബിക്കുന്ന സീനും ഹോങ്ക എഴുതിച്ചേര്‍ത്തിരുന്നു. എന്നാല്‍ തന്‍റെ നാടകത്തില്‍ ആരെയും ചുംബിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും ചുംബിക്കാന്‍ ബുദ്ധിമുട്ടുള്ളവരോട് ഫ്ലയിങ് കിസ്സുകളും ഫിസ്റ്റ് ബംപുകളും ചെയ്താല്‍ മതിയെന്ന് നിര്‍ദേശിച്ചിരുന്നെന്നും ഹോങ്ക പറഞ്ഞു. 

ഹോങ്കയുടെ ക്ലാസിലെ പല വിദ്യാര്‍ഥികളും ക്ലാസിനിടെ ഇറങ്ങിപ്പോയിരുന്നെന്നും പല വിദ്യാര്‍ഥികളുടെയും മാനസികനില ചുംബനസീനുകളാല്‍ തകര്‍ന്നിരുന്നെന്നും സ്കൂളിലെ ഡയറക്ടര്‍ ബോര്‍ഡ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് നടപടി.

തുടര്‍ച്ചയായി മൂന്ന് വര്‍ഷം മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം ലഭിച്ച അധ്യാപികയാണ് ജെന്നിഫര്‍ ഹോങ്ക. വിദ്യാര്‍ഥികളുടെ അല്ലാതെ ഒരു കോളജ് ജീവനക്കാര്‍ പോലും ഹോങ്ക കുട്ടികളെ ചുംബിക്കാന്‍ നാടകത്തില്‍ നിര്‍ബന്ധിച്ചത് കണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ENGLISH SUMMARY:

A lesbian teacher was fired from a school in Colorado, USA, for including kissing scenes in a play she wrote and required female students to participate. The teacher, Jennifer Honke, faced action after students complained about the inappropriate nature of the dramatic scenes.