പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷവും മൂന്ന് മാസവും വീതം കഠിനതടവ് വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. തടവിന് പുറമേ ഓരോരുത്തരും 5000 രൂപ വീതം പിഴയും അടക്കണമെന്ന് പോക്സോ കോടതി ജഡ്ജി വി. വിനോദ് ഉത്തരവിട്ടു. പിഴ അടയ്ക്കാത്തപക്ഷം നാല് മാസം അധിക തടവ് അനുഭവിക്കണം.
വിളയിൽ നെടുമുഴി കുറ്റിയത്തുകുഴി അഭിലാഷ് ഭവനിൽ വിക്കി എന്ന് വിളിക്കുന്ന അജേഷ് (25), സഹോദരൻ അഭിലാഷ് (38), ഇവരുടെ അമ്മ ലളിത (62) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജേഷ് പ്രദേശവാസിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് പീഡിപ്പിച്ചത്.
അമ്മയും രണ്ട് സഹോദരന്മാരും ചേർന്ന് ആസൂത്രിതമായി പെൺകുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നുവെന്ന് കോടതിയിൽ തെളിഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ കെണിയിൽപ്പെടുത്തിയാണ് അജേഷ് പീഡിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഒന്നാം പ്രതി മറ്റ് പ്രതികളുടെ സഹായത്തോടെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
അതിജീവിതയ്ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ കോടതി ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് നിർദേശവും നൽകി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രമോദ് ഹാജരായി. കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും നാല് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. കുറ്റകൃത്യം നടക്കുന്ന സമയത്ത് കാട്ടാക്കട എസ്.എച്ച്.ഒ ജോസ്, സുരേഷ് കുമാർ എന്നിവർ ചേർന്നാണ് കുറ്റപത്രം സമർപ്പിച്ചത്.