Image Credit: X
പൊട്ടും കുറിയും ചാര്‍ത്തി ഓഫിസിലെത്തുന്നത് വിലക്കി ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം പിന്‍വലിച്ചതിന് പിന്നാലെ ഷോറൂമിലേക്ക് കടന്നുകയറി ജീവനക്കാരെ ബലമായി കുറി തൊടുവിച്ച് ബിജെപി നേതാവ്. മുംബൈയിലാണ് സംഭവം. ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച നേതാവ് നസിയ ഇലാഹിയാണ് മറ്റുള്ളവര്‍ക്കൊപ്പമെത്തി ജീവനക്കാരുടെ നെറ്റിയില്‍ കുറി ചാര്‍ത്തുകയും ജയ് ശ്രീറാം വിളിക്കുകയും ചെയ്തത്. ഹിജാബ് വിലക്കാത്ത സ്ഥലത്ത് ഹൈന്ദവ രീതികള്‍ മാത്രം വിലക്കുന്നതെന്തിനാണെന്നും ഇവര്‍ ഫ്ളോര്‍ മാനേജരോട് ചോദിക്കുന്നുണ്ട്. 'നിങ്ങള്‍ മുഹ്സിന്‍ ഖാന്‍ ആയതുകൊണ്ടാണോ ബാക്കിയുള്ളവര്‍ പൊട്ട് തൊടരുതെന്ന് പറഞ്ഞത്?' എന്നാണ് ഇലാഹിയുടെ ചോദ്യം.
മതസ്പര്‍ധ വളര്‍ത്തുകയാണ് മാനേജ്മെന്‍റ് ചെയ്യുന്നതെന്നും ഇത് ഹിന്ദു രാജ്യമാണെന്നും അവര്‍ പറയുന്നതായി വിഡിയോയില്‍ കേള്‍ക്കാം. താലിയും സിന്ദൂരവും പൊട്ടും ഒഴിവാക്കണമെന്നും കയ്യില്‍ ചരട് കെട്ടരുതെന്നും പരിശീലന കാലയളവില്‍ തന്നെ കമ്പനി നിര്‍ദേശിച്ചിരുന്നുവെന്ന് ജീവനക്കാരില്‍ ഒരാള്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് ഷോറൂം മാനേജര്‍ക്കെതിരെ അന്വേഷണം വേണമെന്ന് മറ്റുള്ളവര്‍ ആരോപിച്ചത്. വിഷയം ഹിന്ദു സംഘടനകളും ഏറ്റെടുത്തു.
അതേസമയം, ജീവനക്കാര്‍ക്ക് മാത്രമായി നല്‍കിയ നിര്‍ദേശങ്ങള്‍ ചോരുകയും വിവാദമാകുകയും ചെയ്തതോടെ ലെന്‍സ്കാര്‍ട്ട് സിഇഒ പീയുഷ് ബന്‍സാല്‍ മാപ്പു പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളുടെ പകര്‍പ്പ് പഴയതാണെന്നും ഇപ്പോള്‍ ഉള്ളതല്ലെന്നും പീയുഷ് ബന്‍സാല്‍ വ്യക്തമാക്കി. കമ്പനിയുടെ എച്ച്.ആര്‍. നയത്തില്‍ ഇപ്പോള്‍ ഇതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തയിടെയാണ് ഓഫിസിനുള്ളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ലെന്‍സ്കാര്‍ട്ട് പുറത്തിറക്കിയത്. ഇതില്‍ സംസ്കാരം, വിശ്വാസം തുടങ്ങിയ കാര്യങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. ഹിജാബ്, പൊട്ട്, ടര്‍ബന്‍ തുടങ്ങിയവ ധരിക്കുന്നതില്‍ വിലക്കുള്ളതായി ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉണ്ടായിരുന്നില്ല.