Image Credit: PTI (Right), X/truthuplugged (Left)
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തമിഴ്നാട്ടിലെത്തി മടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ച. തമിഴ്നാട്ടിലെത്തിയപ്പോള്‍ മോദിയുടെ മുഖവും നെറ്റിയും കൈകളുമടക്കം മേക്കപ്പിട്ട് ഇരുണ്ടതാക്കിയെന്നും ദ്രാവിഡ സ്വത്വത്തോട് ചേര്‍ച്ച കാണിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നുമാണ് പക്ഷേ ഇത് തമിഴരെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം. ഡല്‍ഹിയില്‍ നിന്ന് തമിഴ്നാട്ടിലെത്തിയപ്പോള്‍ വസ്ത്രം മാത്രമല്ല, നിറം വരെ മാറ്റിക്കളഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
'കശ്മീരില്‍ ചെല്ലുമ്പോളുള്ള നിറമല്ല മോദിക്ക് തമിഴ്നാട്ടില്‍' ചെല്ലുമ്പോളെന്ന പോസ്റ്റുകള്‍ നിരവധിപ്പേര്‍ പങ്കുവച്ചു. 'തിരഞ്ഞെടുപ്പ് കാലത്തെ നിറംമാറ്റ'മെന്നും കമന്റുകളുണ്ട്. മണ്ഡല പുനനിര്‍ണയ ബില്ലിനെതിരെ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഡിഎംകെ എംപിമാര്‍ കറുപ്പണിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ദൃഷ്ടി തട്ടാതിരിക്കാന്‍ വയ്ക്കുന്ന കറുത്ത പൊട്ടുപോലെയാണ് എംപിമാര്‍ എന്ന് അന്ന് മോദി പരിഹസിച്ചിരുന്നു. കറുപ്പ് അസുരശക്തികളെ തുരത്തുന്ന കാളിയുടെ നിറമാണെന്ന് കനിമൊഴി തിരിച്ചടിച്ചിരുന്നു.
മോദി മികച്ച നടനാണെന്ന് വീണ്ടും തെളിയിച്ചുവെന്നും മാര്‍ക്കറ്റിങ് ടീം കൊള്ളാമെന്നും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ കുറിച്ചു. കമന്‍റുകളായും മീമുമകളായും വിഡിയോകളായും ചര്‍ച്ച ചൂടുപിടിക്കുകയാണ്. 'ക്രാഫ്റ്റിനോട് ഇത്രയും ഡെഡിക്കേഷനുള്ള നടന്‍മാര്‍ അപൂര്‍വമാണ്' എന്ന് ഒരാളും 'സൗത്തിലെത്തുമ്പോള്‍ മോദി കറുക്കും, നോര്‍ത്തിലെത്തിയാല്‍ വെളുക്കും, രാവിലെ എട്ടരയ്ക്ക് ഡല്‍ഹിയിലിരുന്നപ്പോള്‍ വെളുത്ത് തുടുത്തിരുന്ന മോദിയാണ്, മണിക്കൂറുകള്‍ കഴിഞ്ഞ് തമിഴ്നാട്ടിലെത്തിയപ്പോള്‍ നോക്കൂ' എന്നും ആളുകള്‍ രണ്ട് ചിത്രങ്ങളും പങ്കുവച്ച് ചോദിക്കുന്നു.
പ്രദേശവാസികളുമായി താദാത്മ്യം പ്രാപിക്കാന്‍ ഡാര്‍ക്ക് ടോണ്‍ഡ് അല്ലെങ്കില്‍ ബ്രോണ്‍സ് മേക്കപ്പ് പ്രധാനമന്ത്രി ഉപയോഗിച്ചതാണെന്നാണ് ആളുകള്‍ പറയുന്നത്. മോദിയുടെ മേയ്ക്കപ്പ് പാര്‍ട്ടിക്കുള്ളിലും സജീവ ചര്‍ച്ചയായിട്ടുണ്ട്. തമിഴ് ജനതയെ അപഹസിക്കുകയാണ് ചെയ്തതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.