കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്. പ്രതിപക്ഷം വനിതാ സംവരണത്തിന് എതിരെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ഇതിനെ നേരിടാന്‍ സ്വകാര്യ ബില്ലുമായാണ് ഡിഎംകെയുടെ പ്രതിരോധം. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാതെ മണ്ഡലങ്ങളുടെ അതിര് പുനര്‍നിര്‍ണയിക്കാതെ നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുകയാണ് ബില്ലിലെ ആവശ്യം.
ഡിഎംകെ എംപി വില്‍സണ്‍ ആണ് രാജ്യസഭയില്‍ സ്വകാര്യ ബില്ലിന് അനുമതി തേടിയിട്ടുള്ളത്. സഭ നിര്‍ത്തിവച്ച് ബില്‍ ചര്‍ച്ച ചെയ്യാന്‍ ഡിഎംകെ രാജ്യസഭാ ചെയര്‍മാന് നോട്ടീസ് നല്‍കി. എന്നാൽ വെള്ളിയാഴ്ച ഇരുസഭകളും അനിശ്ചിതമായി പിരിഞ്ഞതിനാൽ ബിൽ ഉടന്‍ പരിഗണിക്കില്ല. ലോക്‌സഭയിലെ നിലവിലുള്ള 543 സീറ്റുകളിൽ അടുത്ത തിരഞ്ഞെടുപ്പ് മുതൽ സ്ത്രീകൾക്ക് സംവരണം പ്രാബല്യത്തിൽ വരുത്തണം എന്നാണ് ഡിഎംകെയുടെ ആവശ്യം.
2023 ലെ വനിതാ സംവരണം വേഗത്തില്‍ നടപ്പിലാക്കാന്‍ ഭരണഘടനാ ഭേദഗതിയാണ് ബില്ലിലൂടെ ഡിഎംകെ ആവശ്യപ്പെടുന്നത്. മൊത്തം സീറ്റുകളുടെ എണ്ണം വർധിപ്പിക്കാതെയും സെൻസസിനോ ഡീലിമിറ്റേഷനോ കാത്തിരിക്കാതെ ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും ഡൽഹി, പുതുച്ചേരി, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ അസംബ്ലികളിലും സംവരണം നടപ്പിലാക്കണം. 2023 ല്‍ കേന്ദ്രം പാസാക്കിയ നാരീ ശക്തി വന്ദൻ അധിനിയത്തില്‍ 15 വര്‍ഷത്തേക്ക് മാത്രമാണ് സംവരണമെങ്കില്‍ ഡിഎംകെയുടെ സ്വകാര്യ ബില്ലില്‍ സ്ഥിരമായ സംവരണമാണ് പറയുന്നത്.
2023-ലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെയാണ് വനിതാ സംവരണം പാസാക്കിയത്. എന്നാല്‍ 2011-ലെ പഴയ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ 'അതിവേഗം' മണ്ഡലപുനർനിർണയം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിച്ചിരുന്നില്ല. 298 പേര്‍ ബില്ലിനെ അനുകൂലിച്ചും 230 പേര്‍ ബില്ലിനെ എതിര്‍ത്തുമാണ് വോട്ട് ചെയ്തത്.